ചലച്ചിത്ര അക്കാദമി തലപ്പത്ത് രാഷ്ട്രീയ ചട്ടുകങ്ങളെയല്ല, യോഗ്യരായവരെ നിയമിക്കണം പി.ആർ.സുമേരൻ

ചലച്ചിത്ര അക്കാദമി അടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് രാഷ്ട്രീയ ചട്ടുകങ്ങൾക്ക് പകരം കഴിവും അനുഭവസമ്പത്തുമുള്ള കലാകാരന്മാരെ നിയമിക്കണമെന്ന് പി.ആർ.സുമേരൻ.

ചലച്ചിത്ര അക്കാദമി തലപ്പത്ത് രാഷ്ട്രീയ ചട്ടുകങ്ങളെയല്ല, യോഗ്യരായവരെ നിയമിക്കണം പി.ആർ.സുമേരൻ
ചലച്ചിത്ര അക്കാദമി തലപ്പത്ത് രാഷ്ട്രീയ ചട്ടുകങ്ങളെയല്ല, യോഗ്യരായവരെ നിയമിക്കണം: പി.ആർ.സുമേരൻ

ചലച്ചിത്ര മേഖലയ്ക്കും വേണം കരുതലുള്ള കരങ്ങൾ; അക്കാദമി തലപ്പത്ത് യോഗ്യരായവർ വരണമെന്ന് ആവശ്യം

​തിരുവനന്തപുരം: കേരളാ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, കലാ സാംസ്ക്കാരിക ക്ഷേമനിധി ബോര്‍ഡ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് കാര്യക്ഷമതയും അനുഭവസമ്പത്തുമുള്ള യഥാർത്ഥ പ്രതിഭാധനരെ നിയമിക്കാൻ പുതിയ സർക്കാർ തയ്യാറാകണമെന്ന് ആവശ്യം. സിനിമാ രംഗത്തെ തിരക്കുകളിൽ പെടാത്ത, എന്നാൽ ചലച്ചിത്ര മേഖലയെക്കുറിച്ച് അഗാധമായ അറിവുള്ളവർക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്ന് പ്രമുഖ പി.ആർ.ഒയും സാംസ്കാരിക പ്രവർത്തകനുമായ പി.ആർ.സുമേരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

​കഴിഞ്ഞ പത്ത് വര്‍ഷത്തെ ചലച്ചിത്ര അക്കാദമി അടക്കമുള്ള സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ പരാതികള്‍ക്കും വിവാദങ്ങള്‍ക്കും ഇടയൊരുക്കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഇരുന്നവരൊക്കെ മികച്ച സേവനങ്ങള്‍ അനുഷ്ഠിച്ചവരാണെങ്കിലും, സ്വതന്ത്ര ചിന്താഗതിയും നിലപാടുമുള്ള ചില വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും സര്‍ക്കാര്‍ തള്ളിപ്പറയുന്ന അവസ്ഥയുണ്ടായി. ഭരണാധികാരികളുടെ ചട്ടുകങ്ങളായി നിൽക്കുന്നവർക്ക് പലപ്പോഴും അവസരങ്ങള്‍ കൊടുക്കുന്നത് കൊണ്ടാണ് ഇത്തരം വീഴ്ചകൾ സംഭവിക്കുന്നത്.

​നടനും എഴുത്തുകാരനുമായിരുന്ന പ്രേംകുമാര്‍ അക്കാദമിയുടെ ചെയര്‍മാന്‍ പദവിയിലിരുന്ന ഘട്ടത്തില്‍ പല തരത്തിലുള്ള അസ്വാരസ്യങ്ങളും പൊട്ടിത്തെറികളും ഉണ്ടായിട്ടുണ്ടെങ്കിലും, അദ്ദേഹം മികച്ച രീതിയില്‍ തന്നെയാണ് സേവനം അനുഷ്ഠിച്ചതെന്ന് ചലച്ചിത്രലോകവും പൊതുസമൂഹവും വിലയിരുത്തിയിട്ടുണ്ട്.

​പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ ചെയര്‍മാന്‍ പദവികള്‍ക്കായി പലരും ശുപാര്‍ശകളും വഴിപാടുകളുമായി രംഗത്തിറങ്ങാൻ സാധ്യതയുണ്ട്. എന്നാൽ സ്വാധീനമുപയോഗിച്ച് കഴിവില്ലാത്തവര്‍ ഇത്തരം പദവികളിൽ കയറിക്കൂടിയാല്‍ അത് ചലച്ചിത്ര മേഖലയ്ക്ക് ഗുണം ചെയ്യില്ല. പുതിയ കാലത്ത് സിനിമ സാങ്കേതികമായും അല്ലാതെയും വലിയ മാറ്റത്തിന്‍റെ വഴിയിലാണ്. ഈ സാഹചര്യത്തില്‍ കഴിവും പ്രാപ്തിയും ഇച്ഛാശക്തിയുമുള്ള ചലച്ചിത്ര അതികായകന്മാര്‍ അക്കാദമി അടക്കമുള്ള മേഖലകളില്‍ വരണമെന്ന് സുമേരൻ ചൂണ്ടിക്കാട്ടി.

​വിവിധ ചലച്ചിത്ര സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്നവരെയും സിനിമകളിൽ സജീവമായി തിരക്കുള്ളവരെയും ഇത്തരം പദവികളിലേക്ക് നിയോഗിക്കാതിരിക്കുന്നതാണ് ഉചിതം. സിനിമയുടെ തിരക്കുകള്‍ ഇല്ലാത്ത, എന്നാൽ ചലച്ചിത്ര രംഗത്തിന്‍റെ വളര്‍ച്ചയ്ക്ക് അനുസൃതമായ ആശയങ്ങള്‍ ആവിഷ്ക്കരിക്കാന്‍ കഴിവുള്ളവരും സിനിമാ പ്രവര്‍ത്തകരോട് സഹാനുഭൂതി പുലര്‍ത്തുന്നവരുമായ വ്യക്തികളെ പരിഗണിക്കാന്‍ സര്‍ക്കാരും സാംസ്ക്കാരിക വകുപ്പും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.