​കൊടുവള്ളിയിലെ കൊലപാതക രഹസ്യം തേടി റോഷൻ മാത്യുവും എം. പത്മകുമാറും ഉയിർ നാളെ മുതൽ തിയേറ്ററുകളിൽ

എം. പത്മകുമാർ സംവിധാനം ചെയ്ത് റോഷൻ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉയിർ സിനിമ നാളെ (ജൂൺ 26) തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

​കൊടുവള്ളിയിലെ കൊലപാതക രഹസ്യം തേടി റോഷൻ മാത്യുവും എം. പത്മകുമാറും ഉയിർ നാളെ മുതൽ തിയേറ്ററുകളിൽ
സിനിമ പോസ്റ്റർ

​സസ്പെൻസ് ത്രില്ലർ 'ഉയിർ' നാളെ മുതൽ തിയേറ്ററുകളിലേക്ക്; ആകാംഷയോടെ പ്രേക്ഷകർ

കൊച്ചി: വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച് പ്രശസ്ത സംവിധായകൻ എം. പത്മകുമാർ സംവിധാനം ചെയ്യുന്ന 'ഉയിർ' എന്ന ചിത്രം നാളെ (ജൂൺ 26) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിക്കഴിഞ്ഞു. ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ നടപടിക്രമങ്ങളിലൂടെ ആരംഭിക്കുന്ന ട്രെയിലർ, പ്രേക്ഷകരെ ആകാംഷയുടെ മുനയിൽ നിർത്തുന്ന ഒരു മർഡർ മിസ്റ്ററിയുടെ അകത്തളങ്ങളിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്.

​കൊടുവള്ളി ഭാഗത്തെ ഒരു പൊട്ടക്കിണറ്റിൽ കുറച്ചുദിവസം പഴക്കമുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നതിലൂടെയാണ് ചിത്രത്തിന്റെ അന്വേഷണ ഘട്ടങ്ങൾ ആരംഭിക്കുന്നത്. ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നതും തുടർന്നുള്ള ദുരൂഹതകളും കോർത്തിണക്കി, തികഞ്ഞ സസ്പെൻസ് ത്രില്ലറായാണ് എം. പത്മകുമാർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇക്കുറി പ്രദർശനശാലകളിലാണ് ചിത്രത്തിന്റെ ട്രെയിലർ ആദ്യം പ്രദർശിപ്പിച്ചു തുടങ്ങിയത്. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷക പ്രശംസ നേടിയ ശേഷമാണ് ട്രെയിലർ സോഷ്യൽ മീഡിയയിൽ എത്തിയത്. മണിക്കൂറുകൾക്കകം തന്നെ ഇത് നവമാധ്യമങ്ങളിലും വൈറലായി.

​ഇൻസ്പെക്ടർ അൻഷാദിന്റെ മൂലകഥയ്ക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റോഷൻ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു. ബൈജു സന്തോഷ്, അതുല്യ ചന്ദ്രൻ, വിനീത് തട്ടിൽ, ഷാജു ശ്രീധർ എന്നിവർക്കൊപ്പം തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേർ, മഹേഷ് ഷെട്ടി എന്നിവരും മാസ്റ്റർ ആര്യൻ എസ്. പൂജാരി, ബേബി മിത്രാ സഞ്ജയ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

​ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പനാണ് സംഗീതം പകർന്നിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം: സാബുറാം, മേക്കപ്പ്: പി.വി. ശങ്കർ, കോസ്റ്റ്യൂം ഡിസൈൻ: അയിഷ സഫീർ സേട്ട്, നിശ്ചല ഛായാഗ്രഹണം: ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈൻ: കൊളിൻസ് ലിയോഫിൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: കെ.ജെ. വിനയൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കൂർഗ്, കണ്ണൂർ, തലശ്ശേരി, മുംബൈ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം സെബ്വറി ഫിലിംസ് നാളെ തിയേറ്ററുകളിൽ എത്തിക്കുന്നു.