ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി സനാതന സന്ത് സമിതി സംസ്ഥാന അദ്ധ്യക്ഷൻ ഹിന്ദു പാർലമെന്റ് ആത്മീയ സഭയ്ക്കും ഇനി സ്വാമി നേതൃത്വം നൽകും
കേരള സംസ്ഥാന സന്യാസി സഭ രക്ഷാധികാരി ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജിനെ അഖണ്ഡ ഭാരത സനാതന സന്ത് സമിതി കേരളപ്രദേശ് അദ്ധ്യക്ഷനായും ഹിന്ദു പാർലമെൻ്റ് ആത്മീയ സഭയുടെ പരമാദ്ധ്യക്ഷനായും തിരഞ്ഞെടുത്തു.
ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജിനെ അഖണ്ഡ ഭാരത സനാതന സന്ത് സമിതി കേരളപ്രദേശ് അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു
തിരുവനന്തപുരം: കേരള സംസ്ഥാന സന്യാസി സഭയുടെ രക്ഷാധികാരിയും ഗുരുവായൂർ പെരിയമ്പലത്തെ അവധൂത സിദ്ധയോഗീശ്വര ഗുരു സമാധിയുള്ള കൃഷ്ണാനന്ദ സിദ്ധവേദ ആശ്രമം മഠാധിപതിയുമായ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജിനെ അഖണ്ഡ ഭാരത സനാതന സന്ത് സമിതിയുടെ കേരളപ്രദേശ് അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. ദക്ഷിണ ഭാരതത്തിലെ പ്രഥമ മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ വാത്സല്യ ശിഷ്യനാണ് അദ്ദേഹം.
നിലവിൽ അഖിൽ ഭാരത് സന്ത് സമിതി സംസ്ഥാന പ്രദേശ്പ്രമുഖ്, ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സ്വാമി, നിരവധി സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനങ്ങളിലും ലഹരി വിരുദ്ധ ക്യാമ്പെയ്നുകളിലും സജീവ സാന്നിധ്യമാണ്.
കേരളത്തിലെ വിശ്വകർമ്മ സമുദായത്തിനിടയിൽ ഐക്യത്തിന്റേയും ആത്മീയ-ഭൗതിക മുന്നേറ്റത്തിന്റേയും സന്ദേശം പകർന്നു നൽകാൻ അദ്ദേഹം നടത്തിയ പ്രയത്നങ്ങളുടെ വിജയഫലമാണ് ഈ പദവിയെന്ന് സമിതി ദേശീയ അദ്ധ്യക്ഷൻ മഹാമണ്ഡലേശ്വർ സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതി മഹാരാജ് പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ മുഴുവൻ ഹൈന്ദവ സമൂഹത്തിന്റേയും ഇടയിൽ സജീവമായി പ്രവർത്തിക്കാൻ സന്യാസി സമൂഹത്തിന്റെ നേതൃത്വ നിരയിലേക്ക് സ്വാമിയെ ഐകകണ്ഠ്യേനയാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ മുഴുവൻ ഹൈന്ദവ സമുദായങ്ങളും അംഗമായ ഹിന്ദു പാർലമെന്റ് ആത്മീയ സഭയുടെ പരമാദ്ധ്യക്ഷനായും ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജിനെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ദേശീയതയും സനാതന ധർമ്മ സംരക്ഷണവും ലക്ഷ്യം: ദണ്ഡിസ്വാമി
"കുല-ഗോത്ര-വംശ-വർണ്ണ വ്യത്യാസമില്ലാതെ ഹൈന്ദവ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ ഏത് വിഷയത്തിലും സജീവമായി ഇടപെടുമെന്ന് പദവി ഏറ്റെടുത്തുകൊണ്ട് ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് വ്യക്തമാക്കി. ദേശീയതയ്ക്കൊപ്പം നിലകൊണ്ടു കൊണ്ട് രാഷ്ട്രബോധ പ്രചാരണത്തിനായി പ്രവർത്തിക്കും. മറ്റ് മതവിശ്വാസങ്ങളോട് ആദരവും ബഹുമാനവും പുലർത്തുമെന്നും, എന്നാൽ സനാതന ധർമ്മ സംസ്‌കാരത്തിന് എതിരെ നടക്കുന്ന ഏതൊരു നീക്കത്തോടും ശക്തമായ ഭാഷയിൽ പ്രതികരിക്കുമെന്നും" അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വാമിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഗതാഗതമന്ത്രി പി.സി. ജോൺ, ദേവസ്വംമന്ത്രി കെ. മുരളീധരൻ എന്നിവരും സന്യാസി സഭയിലെ പ്രമുഖരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ സാക്ഷ്യം വഹിച്ചു.