ട്വന്റി20 വേദിയിൽ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം കുന്നത്തുനാട്ടിൽ പോരാട്ടം കനക്കുന്നു ചക്ക ചിഹ്നത്തിൽ ബാബു ദിവാകരൻ

കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മുൻ അടൂർ മുനിസിപ്പൽ ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരനെ പ്രഖ്യാപിച്ചു. ട്വന്റി20യുമായുള്ള സഹകരണത്തോടെയാണ് പ്രഖ്യാപനം.

ട്വന്റി20 വേദിയിൽ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം കുന്നത്തുനാട്ടിൽ പോരാട്ടം കനക്കുന്നു ചക്ക ചിഹ്നത്തിൽ ബാബു ദിവാകരൻ
കുന്നത്തുനാട്ടിൽ എൻഡിഎയുടെ 'സർപ്രൈസ്': സ്ഥാനാർത്ഥിയായി മുൻ കോൺഗ്രസ് നേതാവ് ബാബു ദിവാകരൻ; പ്രഖ്യാപനം നടത്തി സാബു ജേക്കബ്

​കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻഡിഎ. മുൻ അടൂർ മുനിസിപ്പാലിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരനാണ് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരരംഗത്തിറങ്ങുന്നത്. കുന്നത്തുനാട്ടിൽ നടന്ന നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

​ട്വന്റി20യും എൻഡിഎയും തമ്മിലുള്ള രാഷ്ട്രീയ സഹകരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. ചക്കയാണ് ട്വന്റി20യുടെ തിരഞ്ഞെടുപ്പ് ചിഹ്നം. മണ്ഡലത്തിലെ നിലവിലെ സാഹചര്യങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സാബു ജേക്കബ് സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തിയത്. കുന്നത്തുനാട്ടിലെ മുൻകാല എംഎൽഎമാർ കോടീശ്വരന്മാരായി മാറുമ്പോൾ, സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത സാധാരണക്കാരനായ ബാബു ദിവാകരനെയാണ് എൻഡിഎ ജനവിധി തേടി ഇറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

​നിലവിലെ എംഎൽഎ പി.വി. ശ്രീനിജന്റെ ആസ്തി വർദ്ധനവിനെതിരെയും സാബു ജേക്കബ് ആഞ്ഞടിച്ചു. 2006-ൽ 4 ലക്ഷം രൂപയായിരുന്ന ശ്രീനിജന്റെ ആസ്തി 2021-ൽ 18 കോടിയായി ഉയർന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. പ്രത്യേക തൊഴിലൊന്നുമില്ലാതെ കോടികൾ സമ്പാദിക്കുന്ന ഈ 'മാജിക്' യുവജനങ്ങൾക്ക് പഠിപ്പിച്ചു നൽകിയാൽ അവർക്ക് വിദേശത്ത് ജോലി തേടി പോകേണ്ടി വരില്ലെന്നും അദ്ദേഹം പരിഹസിച്ചു.

​എൻഡിഎയുടെ സംസ്ഥാനത്തെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് കുന്നത്തുനാട്ടിൽ നടന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തർക്കങ്ങളില്ലാതെ 140 മണ്ഡലങ്ങളിലും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥിക്കൊപ്പം ചുവരെഴുതിക്കൊണ്ട് മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്കും രാജീവ് ചന്ദ്രശേഖർ തുടക്കം കുറിച്ചു.