ഉപഭോക്തൃ അവബോധം ആദ്യം നൽകേണ്ടത് വിദ്യാർത്ഥികൾക്ക് മേയർ അഡ്വ. വി.കെ മിനിമോൾ
ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് ആദ്യം നൽകേണ്ടത് വിദ്യാർത്ഥികൾക്കാണെന്നും, അതിലൂടെ ഈ സന്ദേശം ഓരോ വീടുകളിലേക്കും വേഗത്തിൽ എത്തിക്കാൻ സാധിക്കുമെന്നും കൊച്ചി മേയർ
ഉപഭോക്തൃ അവബോധം ആദ്യം നൽകേണ്ടത് വിദ്യാർത്ഥികൾക്ക്: മേയർ അഡ്വ. വി.കെ മിനിമോൾ
കൊച്ചി: ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് ആദ്യം നൽകേണ്ടത് വിദ്യാർത്ഥികൾക്കാണെന്നും, അതിലൂടെ ഈ സന്ദേശം ഓരോ വീടുകളിലേക്കും വേഗത്തിൽ എത്തിക്കാൻ സാധിക്കുമെന്നും കൊച്ചി മേയർ അഡ്വ. വി.കെ മിനിമോൾ അഭിപ്രായപ്പെട്ടു. സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മേയർ.
'ഡിജിറ്റൽ നീതിയിലൂടെ കാര്യക്ഷമമായ അതിവേഗ പരാതി പരിഹാരം' എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി.ബി. ബിനു അധ്യക്ഷത വഹിച്ചു.
ഉപഭോക്തൃ കമ്മീഷനിൽ നിന്നും അനുകൂല വിധി സമ്പാദിച്ച ഉപഭോക്താക്കളെയും, എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ ഹരിത സ്ഥാപനമായി പ്രഖ്യാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഹരിത കേരളം മിഷൻ കൊച്ചി കോർപറേഷൻ കോർഡിനേറ്റർ നിസ്സ നിഷാദിനെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് "ഉപഭോക്തൃ അവകാശവും ഡിജിറ്റൽ നീതിയിലൂടെ കാര്യക്ഷമമായ അതിവേഗ പരാതി പരിഹാരവും" എന്ന വിഷയത്തിൽ സ്റ്റേറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ മെമ്പർ അഡ്വ. ജെ. സൂര്യ ക്ലാസ് നയിച്ചു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉപഭോക്തൃ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
ജില്ലാ സപ്ലൈ ഓഫീസർ ബിന്ദു എസ്.ഒ സ്വാഗതവും, അസിസ്റ്റന്റ് രജിസ്ട്രാർ നിതിൻ മാത്യൂസ് കുര്യൻ നന്ദിയും പറഞ്ഞു. വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ, നിർമല ടീച്ചർ, അനിത സുനിൽ കുമാർ, അഡ്വ. ആർ. രാജ രാജ വർമ, ജെസ്സി സ്റ്റാൻലി തുടങ്ങിയവർ ആശംസകൾ നേർന്നു.

