അഞ്ചാം ലോക കേരള സഭയ്ക്ക് ഉജ്ജ്വല തുടക്കം പ്രവാസികൾക്കായി ലോകത്തിന് മാതൃകയായ വേദി
അഞ്ചാം ലോക കേരള സഭയ്ക്ക് ഉജ്ജ്വല തുടക്കം പ്രവാസികൾക്കായി ലോകത്തിന് മാതൃകയായ വേദി ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ വികാരങ്ങളും വൈദഗ്ധ്യവും കോർത്തിണക്കുന്ന അഞ്ചാം ലോക കേരള സഭയ്ക്ക് തിരുവനന്തപുരത്ത് ആവേശകരമായ തുടക്കം.
അഞ്ചാം ലോക കേരള സഭയ്ക്ക് ഉജ്ജ്വല തുടക്കം; പ്രവാസികൾക്കായി ലോകത്തിന് മാതൃകയായ വേദി: മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ വികാരങ്ങളും വൈദഗ്ധ്യവും കോർത്തിണക്കുന്ന അഞ്ചാം ലോക കേരള സഭയ്ക്ക് തിരുവനന്തപുരത്ത് ആവേശകരമായ തുടക്കം. സഭയുടെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, പ്രവാസി മലയാളികളുടെ ആഗോള പൊതുവേദിയായി ലോക കേരള സഭ മാറിയെന്ന് പ്രഖ്യാപിച്ചു. നിറഞ്ഞ സന്തോഷവും സംതൃപ്തിയും നൽകുന്ന സായാഹ്നമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ലോകത്തിന്റെ വിവിധ കോണുകളിൽ ഉന്നത വൈദഗ്ധ്യം തെളിയിച്ച മലയാളി പ്രതിഭകളുടെ അറിവും അനുഭവസമ്പത്തും നാടിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 2018-ൽ ഈ സംരംഭത്തിന് തുടക്കമിട്ടതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നാടിന്റെ വികസനത്തിൽ വൈകാരികമായി ഇടപെടുന്ന പ്രവാസികൾക്ക് അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കാൻ കൃത്യമായൊരു വേദി ഇതിനുമുമ്പ് ഉണ്ടായിരുന്നില്ല. ആ കുറവ് പരിഹരിക്കാനാണ് ലോക കേരള സഭ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തുടക്കകാലത്ത് ഈ സംരംഭത്തെക്കുറിച്ച് പല കേന്ദ്രങ്ങളിൽ നിന്നും സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ അഞ്ചാം സമ്മേളനത്തിൽ എത്തിനിൽക്കുമ്പോൾ ആ വിമർശനങ്ങൾക്കും സംശയങ്ങൾക്കും പ്രവൃത്തിയിലൂടെ മറുപടി നൽകാൻ സാധിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി സമൂഹത്തെ ഭരണസംവിധാനവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ വേദി ഇന്ന് ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവരും മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, ഗോകുലം ഗോപാലൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

