നയപ്രഖ്യാപനം നിരാശാജനകം 5429 കോടി മറച്ചുവെച്ചു കിഫ്ബിയോടും കുടുംബശ്രീയോടും മൗനം ഇപ്പോൾ കഠിനമായി എതിർക്കുന്നില്ല പിണറായി വിജയൻ
സംസ്ഥാനത്തിന് അർഹതപ്പെട്ടത് ചോദിച്ചുവാങ്ങുന്നതിൽ നയപ്രഖ്യാപന പ്രസംഗം മൗനം പാലിച്ചെന്നും, മുൻ സർക്കാർ വിഭാവനം ചെയ്ത വികസന ബ്ലൂ പ്രിന്റ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തതയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി
നയപ്രഖ്യാപനം നിരാശാജനകം, വികസന പദ്ധതികളോട് മൗനം; സർക്കാരിനെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അവകാശങ്ങൾ ചോദിച്ചുവാങ്ങുന്നതിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മൗനം പാലിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരള വികസനത്തിനായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ബ്ലൂ പ്രിന്റ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതിനെക്കുറിച്ച് നയപ്രഖ്യാപനത്തിൽ ഒരു സൂചനയുമില്ല. ഒട്ടേറെ പ്രധാന പദ്ധതികളെക്കുറിച്ച് പരാമർശം പോലും നടത്താതെ സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
5,429 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പ് വെച്ചുകൊണ്ടാണ് എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കിയത്. ഈ വസ്തുത മറച്ചുവെച്ച് ശരിയല്ലാത്ത ഒരു നറേറ്റീവ് (വിശദീകരണം) സൃഷ്ടിക്കാനാണ് നയപ്രഖ്യാപനത്തിലൂടെ ശ്രമിക്കുന്നത്. യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണിത്. ജനങ്ങളുടെ ജീവിതത്തിന് ആശ്വാസമേകുന്ന നടപടികൾ തകർക്കാൻ മാത്രമേ ഈ സമീപനം ഉപകരിക്കൂ. എല്ലാ സാമ്പത്തിക ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്ന നിലപാടാണ് സർക്കാരിന്റേതെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കുന്നതിനെപ്പറ്റി നയപ്രഖ്യാപനത്തിൽ പറയുന്നുണ്ടെങ്കിലും അതിനുള്ള കൃത്യമായ റൂട്ട്മാപ്പ് കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നാടിന്റെ മുഖച്ഛായ മാറ്റിയ കിഫ്ബി, കുടുംബശ്രീ, വിവിധ വികസന മിഷനുകൾ എന്നിവയെക്കുറിച്ചെല്ലാം വല്ലാത്തൊരു മൗനമാണ് കാണുന്നത്. സംസ്ഥാനത്തെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിച്ച സംവിധാനങ്ങളായിരുന്നു ഇവ. തൊഴിലുറപ്പ് നിയമത്തിലെ സർക്കാർ നിലപാടോ, സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുന്നതിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചോ നയപ്രഖ്യാപനത്തിൽ പറയുന്നില്ല. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തിന്റെ പൊതുക്കടം കുറയുകയാണ് ചെയ്തത്. സർക്കാരിന്റെ ധവളപത്രം പുറത്തുവരട്ടെ, കൂടുതൽ കാര്യങ്ങൾ അപ്പോൾ വ്യക്തമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സർക്കാരിന്റെ തുടക്കമായതിനാൽ കഠിനമായ എതിർപ്പ് ഇപ്പോൾ രേഖപ്പെടുത്തുന്നില്ല. ഇനിയും സമയമുള്ളതിനാൽ കാത്തിരുന്ന് കാണാം. എന്നാൽ നാടിന്റെ താൽപര്യത്തിനും ജനക്ഷേമത്തിനും എതിരായ നിലപാടുകൾ ഉണ്ടായാൽ ശക്തമായി എതിർക്കും." - പിണറായി വിജയൻ
കേന്ദ്രസർക്കാരുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഫെഡറലിസം അംഗീകരിക്കുന്ന നിലപാടല്ല കേന്ദ്രത്തിന്റേതെന്നതാണ് നമ്മുടെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തോടും അദ്ദേഹം പ്രതികരിച്ചു. വന്ദേമാതരം മുഴുവനായി ആലപിക്കേണ്ട കാര്യമില്ലെന്നും ആദ്യത്തെ രണ്ട് ഈരടികളാണ് സഭയിൽ ചൊല്ലിയതെന്നും അദ്ദേഹം വ്യക്തമാക്കി. വന്ദേമാതരം ചൊല്ലുമ്പോൾ ദേശീയഗാനത്തിന്റേതുപോലെ എഴുന്നേറ്റ് നിൽക്കേണ്ട ആവശ്യമില്ല. എങ്കിലും സഭയിലെ പൊതുസമീപനത്തിൽ നിന്ന് വ്യത്യസ്തത വേണ്ടെന്ന് കരുതിയാണ് പ്രതിപക്ഷാംഗങ്ങളും എഴുന്നേറ്റ് നിന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി

