തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകി അന്തരിച്ചു വിടവാങ്ങിയത് സംഗീത ലോകത്തെ മാന്ത്രിക ശബ്ദം

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാല് ദേശീയ പുരസ്കാരങ്ങളും പതിനൊന്ന് കേരള സംസ്ഥാന പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്

തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകി അന്തരിച്ചു വിടവാങ്ങിയത് സംഗീത ലോകത്തെ മാന്ത്രിക ശബ്ദം
തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകി അന്തരിച്ചു; വിടവാങ്ങിയത് സംഗീത ലോകത്തെ മാന്ത്രിക ശബ്ദം

​തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകി അന്തരിച്ചു

മൈസൂരു: അനുഗൃഹീതമായ സ്വരമാധുര്യവും അസാധ്യമായ ആലാപനസിദ്ധിയുമായി പതിറ്റാണ്ടുകളോളം ശ്രോതാക്കളുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തദ്ദേശീയവും വിദേശീയവുമായ ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് ഗാനങ്ങളാണ് ഇവർ ആലപിച്ചിട്ടുള്ളത്.

​ആകാശവാണിയിലൂടെ സംഗീത ലോകത്തേക്ക്

​1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് എസ്. ജാനകിയുടെ ജനനം. ആയുർവേദ ഡോക്ടറായിരുന്ന ശിസ്തില രാമമൂർത്തിയുടെയും വിമലമ്മയുടെയും മകളായ ജാനകി, മാതാപിതാക്കളുടെ വിയോഗത്തെത്തുടർന്ന് അമ്മാവനായ ഡോ. ചന്ദ്രശേഖറിന്റെ സംരക്ഷണയിലാണ് വളർന്നത്. ചെറുപ്പം മുതലേ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്നെങ്കിലും ശാസ്ത്രീയ സംഗീതം ആഴത്തിൽ പഠിക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല.

​1956-ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകിയുടെ ജീവിതം മാറിമറിഞ്ഞത്. അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിൽ നിന്നാണ് അവർ പുരസ്കാരം ഏറ്റുവാങ്ങിയത്. തുടർന്ന് 1957-ൽ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചതോടെ ചലച്ചിത്ര രംഗത്തേക്ക് വഴിതുറന്നു. 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും ഈ ചിത്രം പുറത്തിറങ്ങിയില്ല.

​മലയാളത്തിലെ ആദ്യ ഗാനം:

1957-ൽ പുറത്തിറങ്ങിയ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ "ഇരുൾ മൂടുകയോ എൻ വഴിയിൽ..." എന്ന ഗാനത്തിലൂടെയാണ് ജാനകി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

​1962-ൽ 'കൊഞ്ചും ചിലങ്കൈ' എന്ന തമിഴ് ചിത്രത്തിലെ "ശിങ്കാര വേലനെ ദേവ..." എന്ന ഗാനം തെന്നിന്ത്യൻ സംഗീതലോകത്തെ ഇളക്കിമറിക്കുകയും ജാനകിയെ മുൻനിര ഗായികമാരുടെ നിരയിലേക്ക് ഉയർത്തുകയും ചെയ്തു.

​മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ

​എം.എസ്. ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയുടെ സ്വരമാധുരി മലയാളികൾ ഏറ്റവും കൂടുതൽ അനുഭവിച്ചറിഞ്ഞത്. തളിരിട്ട കിനാക്കൾതൻ (മൂടുപടം), അഞ്ജന കണ്ണെഴുതീ (തച്ചോളി ഒതേനൻ), സൂര്യകാന്തീ (കാട്ടുപൂവ്), താമര കുമ്പിളിലല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

​കെ. രാഘവൻ, ചിദംബരനാഥ്, ദക്ഷിണാമൂർത്തി, സലീൽ ചൗധരി, എം.എസ്. വിശ്വനാഥൻ, ജോൺസൺ, രവീന്ദ്രൻ, ശ്യാം തുടങ്ങി മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകരുടെയെല്ലാം അനശ്വരമായ നൂറുകണക്കിന് ഗാനങ്ങൾക്ക് ജാനകി ശബ്ദം നൽകി.

​പുരസ്കാരങ്ങളുടെ തിളക്കം

​മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാല് തവണയാണ് എസ്. ജാനകിയെ തേടിയെത്തിയത്. 1981-ൽ 'ഓപ്പോൾ' എന്ന ചിത്രത്തിലെ "ഏറ്റുമാനൂരമ്പലത്തിൽ..." എന്ന ഗാനത്തിനാണ് മലയാളത്തിൽ നിന്നും ദേശീയ പുരസ്കാരം ലഭിച്ചത്. കൂടാതെ 11 തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ആന്ധ്ര സർക്കാരിന്റെ അവാർഡ് 10 തവണയും, തമിഴ്നാട് സർക്കാരിന്റേത് 7 തവണയും, ഒഡീഷ സർക്കാരിന്റെ പുരസ്കാരം ഒരു തവണയും അവർ നേടി.

​2016-ൽ പുറത്തിറങ്ങിയ 'പത്തു കൽപ്പനകൾ' എന്ന മലയാള ചിത്രത്തിലെ ഗാനമാണ് സിനിമയ്ക്കായി അവർ അവസാനമായി പാടിയത്. തുടർന്ന് 2017 ഒക്ടോബറിൽ മൈസൂരിലെ മാനസഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന സംഗീതനിശയിൽ വെച്ച് താൻ ഇനി പൊതുവേദികളിൽ പാടില്ലെന്ന് പ്രഖ്യാപിച്ച് അവർ സംഗീതജീവിതം അവസാനിപ്പിച്ചു.

​1958-ലായിരുന്നു വി. രാമപ്രസാദുമായുള്ള വിവാഹം. 1990-ൽ അദ്ദേഹം അന്തരിച്ചു. പരേതനായ മുരളീകൃഷ്ണയാണ് ഏക മകൻ. മരുമകൾ: ഉമ. പേരക്കുട്ടികൾ: അമൃതവർഷിണി, അപ്സര.