റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസിനെ ആശ്രയിക്കുന്നത് ഒഴിവാക്കണം കെ. സുധാകരൻ എം.പി

കണ്ണൂർ കലക്ടറേറ്റിൽ നടന്ന ദിശ യോഗത്തിൽ റെയിൽവേ എൻ.ഒ.സി വൈകുന്നതിനെതിരെയും, ദേശീയപാത വികസനം, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പാ പ്രതിസന്ധി എന്നിവയ്ക്കെതിരെയും കെ. സുധാകരൻ എം.പി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസിനെ ആശ്രയിക്കുന്നത് ഒഴിവാക്കണം കെ. സുധാകരൻ എം.പി
കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ദിശ (ഡിസ്ട്രിക്റ്റ് ലെവൽ കോർഡിനേഷൻ ആൻഡ് മോണിറ്ററിങ്ങ് കമ്മിറ്റി) യോഗത്തിൽ കെ സുധാകരൻ എം പി സംസാരിക്കുന്നു
റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസിനെ ആശ്രയിക്കുന്നത് ഒഴിവാക്കണം കെ. സുധാകരൻ എം.പി

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസിനെ ആശ്രയിക്കുന്നത് ഒഴിവാക്കണം: കെ. സുധാകരൻ എം.പി

കണ്ണൂർ: റെയിൽവേയുമായി ബന്ധപ്പെട്ട നിസ്സാര കാര്യങ്ങൾക്ക് പോലും തീരുമാനമെടുക്കാൻ പാലക്കാട് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടി വരുന്ന നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല കോർഡിനേഷൻ ആൻഡ് മോണിറ്ററിങ്ങ് കമ്മിറ്റി (ദിശ) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​റെയിൽവേ പാളത്തിനരികിൽ താമസിക്കുന്നവർക്ക് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിനുള്ള എതിർപ്പില്ലാ രേഖ (എൻ.ഒ.സി) ലഭിക്കാൻ വലിയ രീതിയിൽ താമസം നേരിടുന്നുണ്ട്. ഇത്തരം നിസ്സാര കാര്യങ്ങളിൽപ്പോലും കണ്ണൂരിൽ വച്ചുതന്നെ തീരുമാനമെടുക്കാൻ കഴിയാത്തത് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇതിന് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ അടിയന്തര പരിഹാരം കാണണം. കണ്ണൂരിൽ റെയിൽവേയുടെ ഒരു എക്സ്റ്റൻഷൻ ഓഫീസ് എന്ന രീതിയിൽ താൽക്കാലിക സംവിധാനം ഒരുക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ച എഡിഎം പി. എൻ. പുരുഷോത്തമൻ റയിൽവെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

​വളപട്ടണം-പുതിയതെരു റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയതെരുവിലെ വ്യാപാരികൾ ഉന്നയിച്ച വിഷയങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് എം.പി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. പൊതുജനങ്ങളുടെ പരാതികൾക്ക് ദേശീയപാത വിഭാഗത്തിൽ നിന്ന് മറുപടി ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മുഴപ്പിലങ്ങാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായുള്ള എൻ.ഒ.സി ലഭ്യമാക്കുന്നതിലും അനാവശ്യ താമസം നേരിടുന്നുണ്ടെന്ന് യോഗം വിലയിരുത്തി.

​ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി. വിദ്യാഭ്യാസ വായ്പ എടുത്ത് അന്യസംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് തുക ലഭിക്കാത്തത് പഠനത്തെ ബാധിക്കുന്നുണ്ടെന്ന് എം.പി ചൂണ്ടിക്കാട്ടി. കോളേജുകളുടെ അഫിലിയേഷൻ രേഖകൾ ഹാജരാക്കുന്നതിലെ സാങ്കേതികത്വമാണ് ഇതിന് കാരണം. ഒരു സ്ഥാപനത്തിന്റെ അഫിലിയേഷൻ രേഖകൾ ഒരു വിദ്യാർത്ഥി ഒരിക്കൽ ഹാജരാക്കിയാൽ, അതേ കോളേജിലെ മറ്റ് വിദ്യാർത്ഥികൾക്ക് വീണ്ടും അതേ രേഖ നിർബന്ധമാക്കുന്ന വ്യവസ്ഥ മാറ്റാൻ നിർദ്ദേശം നൽകണമെന്ന് എഡിഎം ആവശ്യപ്പെട്ടു. കൂടാതെ, മുദ്ര ലോണുകൾ നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ 25 ലക്ഷം രൂപ വരെയുള്ള അപേക്ഷകൾ 15 ദിവസത്തിനകം തീർപ്പാക്കാൻ ബാങ്കുകൾക്ക് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.

​കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി ഉന്നതിയിൽ കുടിവെള്ള പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്തിന്റെ വില നിശ്ചയിക്കുന്നതിലെ തർക്കം പരിഹരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും ജില്ലാ പ്ലാനിംഗ് ഓഫീസറും സ്ഥലം സന്ദർശിക്കാൻ യോഗം തീരുമാനിച്ചു. മാത്തോടം കുടിവെള്ള പദ്ധതിക്കായി നാറാത്ത് ഗ്രാമപഞ്ചായത്ത് 6 ലക്ഷം രൂപ വകയിരുത്തിയതായും, എരുവശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ വൈദ്യുതി കണക്ഷൻ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും ബന്ധപ്പെട്ട സെക്രട്ടറിമാർ യോഗത്തെ അറിയിച്ചു.

​ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വികസന പദ്ധതികൾ ഫണ്ടില്ലാത്തതിന്റെ പേരിൽ തടസ്സപ്പെടില്ലെന്നും, വ്യക്തമായ പദ്ധതി രൂപരേഖയുമായി ഉദ്യോഗസ്ഥർ മുന്നോട്ട് വരണമെന്നും കെ. സുധാകരൻ എം.പി കൂട്ടിച്ചേർത്തു. യോഗത്തിൽ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ രാജേഷ് കുമാർ തിരുവാനത്ത്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.