സംസ്ഥാനത്ത് 8 പേർക്ക് കൂടി ഷിഗെല്ല ജൂണിൽ മാത്രം 205 രോഗബാധ, 4 ജില്ലകളിൽ ഔട്ബ്രേക്ക്
കേരളത്തിൽ എട്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ജൂൺ മാസത്തിൽ മാത്രം 205 പേർക്ക് രോഗം ബാധിക്കുകയും 6 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ കോഴിക്കോട്, വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ ആരോഗ്യവകുപ്പ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് 8 പേർക്ക് കൂടി ഷിഗെല്ല; ജൂണിൽ മാത്രം 205 രോഗബാധ, 4 ജില്ലകളിൽ ഔട്ബ്രേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീതി ഉയർത്തി എട്ട് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ രണ്ട് വീതവും തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 281 ആയി ഉയർന്നു.
ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് വലിയ രീതിയിലുള്ള രോഗവ്യാപനമാണ് ഉണ്ടായത്. ഈ ഒറ്റമാസത്തിൽ 205 പേർക്ക് രോഗബാധയും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ രോഗബാധയുണ്ടായത്.
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിലവിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ആരോഗ്യവകുപ്പ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് (69), വയനാട് (26), തൃശൂർ (14), ആലപ്പുഴ (5) എന്നീ ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപനമുള്ളത്.
ഇതുകൂടാതെ മലപ്പുറം (33), തിരുവനന്തപുരം (18), കൊല്ലം (15), കണ്ണൂർ (13), പാലക്കാട് (5), എറണാകുളം (4), ഇടുക്കി (3) എന്നിവിടങ്ങളിലും ജൂൺ മാസത്തിൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമായതിനാൽ പൊതുജനങ്ങൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.