പെരുമ്പാവൂരിൽ ഒരു കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
പെരുമ്പാവൂർ ഇരിങ്ങോളിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മന്നൻ ദാഫോദറിനെ പോലീസും എ.എസ്.പി.യുടെ പ്രത്യേക സംഘവും ചേർന്ന് പിടികൂടി.
പെരുമ്പാവൂർ: ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പോലീസിന്റെ പിടിയിലായി. മൂർഷിദാബാദ് സ്വദേശി മന്നൻ ദാഫോദർ (35) നെയാണ് പെരുമ്പാവൂർ എ.എസ്.പി.യുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇരിങ്ങോൾ വൈദ്യശാലപടി ഭാഗത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിച്ചായിരുന്നു ഇയാൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പ്രധാനമായും പെരുമ്പാവൂരിലെയും പരിസരപ്രദേശങ്ങളിലെയും ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു വിപണനം. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന കഞ്ചാവ്, 500, 1000 രൂപ നിരക്കിലുള്ള ചെറിയ പാക്കറ്റുകളാക്കിയാണ് ഇയാൾ വിറ്റിരുന്നത്. ഇയാളിൽ നിന്ന് കഞ്ചാവ് തൂക്കാൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസും പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ കുറച്ചുനാളുകളായി പ്രതി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കുറുപ്പുംപടി എസ്.ഐ. ബി.എം. ചിത്തു ജി, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, പി.എ. ഷംസു, സീനിയർ സി.പി.ഒമാരായ ബെന്നി ഐസക്ക്, കെ.എ. നൗഫൽ, സി.പി.ഒമാരായ ഇ.എം. രാജേഷ്, റോബിൻ ജോയി, രജിത്ത്, നിസാമുദ്ദീൻ, അൻസി എൻ. കാസിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.