പഠനത്തോടൊപ്പം കലയ്ക്കും കായികത്തിനും പ്രാധാന്യം നൽകണം മന്ത്രി അഡ്വ. എം. ലിജു
പുതിയ അധ്യയന വർഷത്തെ കായംകുളം ഉപജില്ലാ തല സ്കൂൾ പ്രവേശനോത്സവം എക്സൈസ് സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ക്യാമ്പയിനുകളെക്കുറിച്ചും പാഠ്യേതര പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകണം: മന്ത്രി എം. ലിജു
കായംകുളം: കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ കായികം, കല തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകണമെന്ന് എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു. "പാഠം ഒന്ന് പുതുയുഗ വിദ്യാലയം" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കായംകുളം ഉപജില്ലാ തല സ്കൂൾ പ്രവേശനോത്സവം കായംകുളം ഗവ. ബോയ്സ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള വിപുലമായ പരിപാടികൾ സർക്കാർ ആസൂത്രണം ചെയ്തുവരികയാണെന്നും ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ മുഴുവൻ സഹകരണവും ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തിന് ശേഷം കുട്ടികളോടൊപ്പം പാട്ടുപാടിയാണ് മന്ത്രി പുതിയ അധ്യയന വർഷത്തെ വരവേറ്റത്.
കായംകുളം മുനിസിപ്പൽ ചെയർമാൻ ശരത് ലാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ അധ്യക്ഷ അനിത മുട്ടാണിക്കര, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. യു. മുഹമ്മദ്, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സോളമൻ റൊസാരിയോ, ബി.പി.സി കായംകുളം ജെ. ഗായത്രി, മുനിസിപ്പൽ സെക്രട്ടറി ജി. ബിനു, ആർ. മുഹമ്മദ് റഫീഖ്, പൊന്നുമോൾ, വി.എസ്. അനിൽകുമാർ, എസ്. സുനിൽ ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ പുതിയതായി എത്തിയ കുട്ടികൾക്ക് മധുര വിതരണവും നടത്തി

