കറുപ്പ് സിനിമയിലെ ഡയലോഗ് ഇളയരാജയെ വേദനിപ്പിച്ചു ഖേദം പ്രകടിപ്പിച്ച് ഡ്രീം വാര്യർ പിക്‌ചേഴ്സ്, വിവാദ ഭാഗം മാറ്റും
കറുപ്പ്’ സിനിമയിലെ ഡയലോഗ് സംഗീത സംവിധായകൻ ഇളയരാജയെ വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നിർമ്മാതാക്കളായ ഡ്രീം വാര്യർ പിക്‌ചേഴ്സ്. സിനിമയുടെ വരും പതിപ്പുകളിൽ നിന്ന് ഈ ഭാഗം നീക്കം ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
കറുപ്പ്’ സിനിമയിലെ ഡയലോഗ് ഇളയരാജയെ വേദനിപ്പിച്ചു; ഖേദം പ്രകടിപ്പിച്ച് നിർമ്മാതാക്കൾ, വിവാദ ഭാഗം നീക്കം ചെയ്യും
ചെന്നൈ: തമിഴ് താരം കാർത്തി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രം ‘കറുപ്പ്’ സിനിമയിലെ ഡയലോഗ് സംഗീതജ്ഞൻ ഇളയരാജയെ വേദനിപ്പിച്ച സംഭവത്തിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിച്ച് നിർമ്മാതാക്കളായ ഡ്രീം വാര്യർ പിക്‌ചേഴ്സ്. ഇന്ത്യൻ സിനിമയ്ക്കും സംഗീതലോകത്തിനും അനുപമമായ സംഭാവനകൾ നൽകിയ മഹാനായ സംഗീത സംവിധായകനാണ് ഇളയരാജയെന്നും അദ്ദേഹത്തെ അപമാനിക്കാൻ ചിത്രത്തിലൂടെ ശ്രമിച്ചിട്ടില്ലെന്നും നിർമ്മാതാക്കൾ പ്രസ് റിലീസിലൂടെ വ്യക്തമാക്കി.
സിനിമയിലെ ഒരു പ്രത്യേക ഡയലോഗ് ഇളയരാജയെ വേദനിപ്പിക്കുകയും ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് നിർമ്മാതാക്കൾ പറഞ്ഞു. ആ ഡയലോഗ് ഇത്തരം വികാരങ്ങൾക്ക് കാരണമായതിൽ കമ്പനി ആത്മാർത്ഥമായി ഖേദിക്കുന്നു. ശ്രീ ഇളയരാജയെയോ, അദ്ദേഹത്തിന്റെ സംഭാവനകളെയോ, അവകാശങ്ങളെയോ ഏതെങ്കിലും രീതിയിൽ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാനുള്ള യാതൊരു ഉദ്ദേശ്യവും അണിയറപ്രവർത്തകർക്ക് ഉണ്ടായിരുന്നില്ല.
"ആ പരാമർശം സിനിമയിലെ ഒരു വിശാലമായ ആക്ഷേപഹാസ്യ (Satire) സാഹചര്യത്തിന്റെ ഭാഗമായിരുന്നു. വ്യക്തിപരമായ ഒരു പരാമർശമായി അതിനെ ഉദ്ദേശിച്ചിരുന്നില്ല." - ഡ്രീം വാര്യർ പിക്‌ചേഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
എന്നിരുന്നാലും ഇളയരാജ എന്ന പ്രതിഭയോടുള്ള ആദരവ് മുൻനിർത്തി, ഭാവിയിലെ പതിപ്പുകളിലും സിനിമയുടെ തുടർ പ്രദർശനങ്ങളിലും പ്രസ്തുത ഭാഗം നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്യാൻ തീരുമാനിച്ചതായും നിർമ്മാണ കമ്പനി അറിയിച്ചു. തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ സംഗീതത്തോടും കലാപാരമ്പര്യത്തോടുമുള്ള ഹൃദയംഗമമായ ആദരവും ബഹുമാനവും വീണ്ടും രേഖപ്പെടുത്തിക്കൊണ്ടാണ് ഡ്രീം വാര്യർ പിക്‌ചേഴ്സ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
നേരത്തെ സിനിമയിലെ ചില പരാമർശങ്ങൾക്കെതിരെ ഇളയരാജയുടെ ഭാഗത്തുനിന്ന് നിയമപരമായ നീക്കങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങൾക്കൊടുവിൽ പരസ്യ ഖേദപ്രകടനവുമായി നിർമ്മാതാക്കൾ രംഗത്തെത്തിയത്.

