ലൈസൻസില്ലാത്ത പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം കിഴക്കമ്പലത്ത് രാഷ്ട്രീയ പോര് മുറുകുന്നു മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു
കിഴക്കമ്പലം ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ലൈസൻസ് വിവാദം പുകയുന്നു. ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിൽ. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു.
കിഴക്കമ്പലം ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരൻ മരിച്ച സംഭവം: പഞ്ചായത്തിൽ രാഷ്ട്രീയപ്പോര് മുറുകുന്നു; ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
കിഴക്കമ്പലം: പഴങ്ങനാട് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരൻ വെള്ളച്ചാലിൽ വീണു മരിച്ച സംഭവത്തിൽ കിഴക്കമ്പലം പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമാകുന്നു. പാർക്ക് പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെയാണെന്ന വിവരം പുറത്തുവന്നതോടെ ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, സി.പി.എം അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തിൽ വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
അപകടത്തിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് സെക്രട്ടറിക്കാണെന്ന് പ്രസിഡന്റ് ജിൻസി അജി ആവർത്തിച്ചു. ലൈസൻസ് നൽകേണ്ട ചുമതല സെക്രട്ടറിക്കാണെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്നും ഭരണസമിതി യോഗത്തിന് ശേഷം പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ പാർക്ക് ഉടമകൾ ലൈസൻസിനായി അപേക്ഷ പോലും നൽകിയിരുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. അജി വെളിപ്പെടുത്തി.
മനുഷ്യാവകാശ കമ്മിഷൻ ഇടപെടൽ
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്തു. ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ ആർ.ഡി.ഒ സുതാര്യമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. പാർക്കിന് മതിയായ സുരക്ഷാ സംവിധാനങ്ങളുണ്ടോ എന്നും ലൈസൻസ് നടപടികൾ കൃത്യമാണോ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കണം. പഞ്ചായത്ത് സെക്രട്ടറിയോടും കമ്മിഷൻ വിശദീകരണം തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കോട്ടയം സ്വദേശിയായ മുഹമ്മദ് ആദം (5) പാർക്കിലെ വെള്ളച്ചാലിൽ വീണ് മരിച്ചത്. സ്കൂൾ വിനോദയാത്രയ്ക്കിടെയായിരുന്നു അപകടം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പാർക്ക് പ്രവർത്തിച്ചിരുന്നതെന്ന ആക്ഷേപം ശക്തമാണ്.