രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപി മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് സമരത്തിനെതിരെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിന് നേരെ തിരുവനന്തപുരത്ത് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപി മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം
കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ച്
രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപി മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം

കെപിസിസി ആസ്ഥാനത്തേക്ക് നടത്തിയ ബിജെപി പ്രതിഷേധ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയ്ക്കും മറ്റ് പ്രമുഖ നേതാക്കൾക്കും നേരെയാണ് പോലീസ് നടപടിയുണ്ടായത്.

​രാജീവ് ചന്ദ്രശേഖർ, മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ, ഡെപ്യൂട്ടി മേയർ ആശാനാഥ് തുടങ്ങി നിരവധി നേതാക്കൾ മുൻനിരയിൽ നിൽക്കുമ്പോഴായിരുന്നു പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനു പിന്നാലെ നേതാക്കൾ പിന്നനിരയിലേക്ക് മാറിയെങ്കിലും, പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധിച്ച വനിതാ പ്രവർത്തകയെ പോലീസ് മുഖത്തടിച്ചതായി ബിജെപി നേതൃത്വം ആരോപിച്ചു.

​പ്രധാനമന്ത്രിയുടെ വീട്ടിൽ കയറി ആക്രമണം നടത്താനാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും ശ്രമിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രധാനമന്ത്രിയെ ലക്ഷ്യമിടാനും രാജ്യത്തിന്റെ ജനാധിപത്യം അട്ടിമറിക്കാനും ശ്രമിച്ചാൽ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് പുനഃപരീക്ഷ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഏത് ചർച്ചയ്ക്കും സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ പേരിൽ കോൺഗ്രസ് മുതലെടുപ്പ് രാഷ്ട്രീയമാണ് പയറ്റുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​പ്രധാനമന്ത്രിയുടെ വീടിനു മുന്നിൽ സമരം നടത്തി നിയമലംഘനം നടത്തിയതിന് കോൺഗ്രസ് നേതാക്കൾ മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മാർച്ചിൽ മേയർ വി.വി.രാജേഷ്, എംഎൽഎമാരായ ബി.ബി.ഗോപകുമാർ, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എസ്.സുരേഷ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു.