സുനാമി മുന്നറിയിപ്പ് ലഭിച്ചാൽ എന്തുചെയ്യണം? : കരുംകുളത്ത് അടിയന്തര മോക്ഡ്രിൽ സംഘടിപ്പിച്ചു
തിരുവനന്തപുരം ജില്ലയിലെ കരുംകുളം ഗ്രാമപഞ്ചായത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും കരുംകുളം പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സുനാമി മോക്ഡ്രിൽ നടന്നു. തീരദേശവാസികളെ സുരക്ഷിതമായി മാറ്റുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിനുമാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്
സുനാമി മുന്നറിയിപ്പ് ലഭിച്ചാൽ എന്തുചെയ്യണം?': കരുംകുളത്ത് അടിയന്തര മോക്ഡ്രിൽ സംഘടിപ്പിച്ചു
തിരുവനന്തപുരം: തീരദേശ മേഖലകളിൽ സുനാമി ദുരന്ത നിവാരണ പ്രവർത്തനങ്ങളും വകുപ്പുകളുടെ ഏകോപനവും ഉറപ്പുവരുത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കരുംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. കരുംകുളം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന കിളിത്തട്ട്, പുതിയതുറ വാർഡുകളിലായി ശനിയാഴ്ച രാവിലെ 8.30തോടെയാണ് മോക്ഡ്രിൽ നടന്നത്.
ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ റിക്ടർ സ്‌കെയിൽ 9.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് കേരള തീരത്ത് ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് അടിയന്തര നടപടികൾ ആരംഭിച്ചത്. ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ വഴി ജാഗ്രതാ നിർദേശം താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററിന് കൈമാറി. താലൂക്ക് തലത്തിൽ ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റം ആക്റ്റിവേറ്റ് ചെയ്തു. തുടർന്ന് കോസ്റ്റൽ പോലീസ്, ഫയർഫോഴ്‌സ്, ഫിഷറീസ് വകുപ്പുകളുടെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്‌മെന്റുകൾ വഴി തീരപ്രദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
പുതിയതുറ വാർഡിലെ സെന്റ് നിക്കോളാസ് ബീച്ച് സ്റ്റേജ് ആയിരുന്നു അസംബ്ലി പോയിന്റ്. കിളിത്തട്ട് വാർഡിലെ സെന്റ് നിക്കോളാസ് എൽ.പി സ്‌കൂളാണ് ഷെൽട്ടർ പോയിന്റായി തിരഞ്ഞെടുത്തിരുന്നത്. മുന്നറിയിപ്പിന് പിന്നാലെ പോലീസ്-ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന സംഘം ദുരന്തസാധ്യതാ മേഖലകളിൽ നിന്നുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ആംബുലൻസുകളും പോലീസ് ജീപ്പുകളും സെന്റ് നിക്കോളാസ് ബീച്ച് സ്റ്റേജ് അസംബ്ലി പോയിന്റിലേക്ക് എത്തിച്ചു. സ്ത്രീകളും കുട്ടികളും കിടപ്പുരോഗികളുമുൾപ്പെടുന്ന പ്രദേശവാസികളേയും വളർത്തുമൃഗങ്ങളേയുമുൾപ്പെടെ സുരക്ഷിത അസംബ്ലി പോയിന്റിലേക്കും, ഇവിടെ നിന്നും ഷെൽറ്റർ പോയിന്റായിരുന്ന സെന്റ് നിക്കോളാസ് എൽ.പി സ്‌കൂളിലേക്കും മാറ്റിപാർപ്പിക്കുകയായിരുന്നു. മെഡിക്കൽ ടീമിന്റെ പ്രഥമശുശ്രൂഷാ സംവിധാനങ്ങളും ഭക്ഷണവും ഷെൽറ്റർ പോയിന്റിൽ ഒരുക്കിയിരുന്നു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അതുൽ എസ് നാഥ് മോക്ഡ്രില്ലിന് നേതൃത്വം നൽകി. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന മോക്ഡ്രിൽ 10.30ന് അവസാനിച്ചു. തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള ഡീ ബ്രീഫിങ് യോഗം ജനപ്രതിനിധികളുടെയും മോക്ഡ്രില്ലിന്റെ ഭാഗമായിരുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കരുംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ ചേർന്നു.
കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുഷ്പം വിൻസന്റ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നെയ്യാറ്റിൻകര തഹസീൽദാർ സജി ആർ.എസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് ദേവിക ബി.എസ്, റവന്യൂ, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, മോട്ടോർ വെഹിക്കിൾ, ഫിഷറീസ്, തദ്ദേശഭരണം വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കോസ്റ്റൽ പോലീസ് പ്രതിനിധികൾ, സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകർ, ആപ്ത മിത്ര പ്രവർത്തകർ എന്നിവരുൾപ്പെടുന്ന സംഘമാണ് ദുരന്തനിവാരണപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
യുനെസ്‌കോയുടെ നിയന്ത്രണത്തിലുള്ള ഇന്റർനാഷണൽ ഓഷ്യനോഗ്രാഫി കമ്മീഷൻ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, തിരുവനന്തപുരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കരുംകുളം ഗ്രാമപഞ്ചായത്ത്, വിവിധ വകുപ്പുകളുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് സുനാമി റെഡി പദ്ധതി.സുനാമി ദുരന്ത ലഘൂകരണ പദ്ധതികൾ, ഒഴിപ്പിക്കൽ റൂട്ടുകൾ ഉൾപ്പെടുന്ന മാപ്പുകൾ, അവബോധ ക്ലാസുകൾ, മോക്ഡ്രില്ലുകൾ തുടങ്ങി വിവിധങ്ങളായ സൂചകങ്ങൾ മുൻനിർത്തി ഒരു തീരദേശ ഗ്രാമത്തിന് 'സുനാമി റെഡി' എന്ന് സാക്ഷ്യപത്രം നൽകുന്ന ഒരു അന്താരാഷ്ട്ര പദ്ധതിയാണിത്. യുനെസ്‌കോയുടെ നിയന്ത്രണത്തിലുള്ള ഇന്റർഗവൺമെന്റൽ ഓഷ്യനോഗ്രാഫിക് കമ്മീഷനാണ് ഈ അംഗീകാരം നൽകുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തുള്ള രാജ്യങ്ങളിൽ ഒഡിഷയിലെ രണ്ട് ഗ്രാമങ്ങൾ മാത്രമാണ് ഇതുവരെ ഈ അംഗീകാരം നേടിയിട്ടുള്ളത്.