ശുചിത്വമില്ല, കോളിഫോം ബാക്ടീരിയയും കൊച്ചിയിൽ ഹോട്ടലുകളിലും കാറ്ററിംഗ് യൂണിറ്റുകളിലും ശക്തമായ നടപടി
ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചി നഗരസഭ പ്രദേശത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ഊർജിതമാക്കി. 77 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ 33 ഇടങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും ഗുരുതര വീഴ്ച വരുത്തിയവ അടപ്പിക്കുകയും ചെയ്തു.
ഈ ഓണം കരുതലോണം: കൊച്ചിയിൽ സംയുക്ത പരിശോധന ശക്തം; 33 സ്ഥാപനങ്ങൾക്ക് പിഴ, കടകൾ പൂട്ടിച്ച് സ്ക്വാഡ്
കൊച്ചി : ഓണ സദ്യ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ ആഹാര പാനീയ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി നഗരത്തിലെ ഏഴ് പ്രധാന കാറ്ററിംഗ് യൂണിറ്റുകളിൽ ആഗസ്റ്റ് 24ന് രാവിലെ 7 മണി മുതൽ സ്പെഷ്യൽ സ്ക്വാഡ് മിന്നൽ പരിശോധന നടത്തി.
ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം, ഫുഡ് സേഫ്റ്റി , പോലീസ് എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് കൊച്ചി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ജൂൺ 2026 മുതൽ ശക്തമായ പരിശോധനകൾ നടത്തിവരികയാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് ആഹാര പാനീയ ശുചിത്വം ഉറപ്പാക്കാൻ വൈറ്റില, കടവന്ത്ര, കതൃക്കടവ്, പാലാരിവട്ടം, കലൂർ, ബ്രോഡ്‌വേ, തമ്മനം, മേനക, ഏളംകുളം, ജനറൽ ആശുപത്രി പരിസരം, ബോട്ട് ജെട്ടി, എറണാകുളം ടൗൺ എന്നിവിടങ്ങളിലായി തട്ടുകടകൾ ,പലഹാര യൂണിറ്റുകൾ, ചിപ്‌സ് കടകൾ, ഹോട്ടൽ, ബേക്കറി , കൂൾബാൾ, കാറ്ററിങ്ങ് യൂണിറ്റുകൾ, റെസ്റ്റോറന്റ്, കുഴിമന്തി, ചൈനീസ്, ഷവർമ്മ കടകൾ എന്നിവ ഉൾപ്പടെ 77 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പഴകിയ സാധനങ്ങൾ, നിരോധിത കളർ, ലേബൽ ചെയ്യാത്ത ഭക്ഷണ വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്യൽ , ഹെൽത്ത് കാർഡിന്റെ അഭാവം , ലൈസൻസ് ഇല്ലാത്തത്, പുകവലി നിരോധിത ബോർഡ്, ശാസ്‌ത്രീയമായ മാലിന്യ സംസ്‌കരണം ഇല്ലാത്തത് മുതലായ ന്യൂനതകൾ കണ്ടെത്തിയ 33 കടകളിൽ നിന്നും ₹73500 (എഴുപത്തി മൂവായിരത്തി അഞ്ഞൂറ് രൂപ ) പിഴ അടപ്പിക്കുകയും, ഗുരുതര വീഴ്ചകൾ കണ്ടെത്തിയ കടകൾ താത്കാലികമായി അടപ്പിക്കുകയും ചെയ്തു.
ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുബോൾ ശ്രദ്ധിക്കേണ്ടതും, സുരക്ഷിതമാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയതുമായ ബോധവത്കരന്ന പോസ്റ്ററുകൾ എല്ലാ കടകളിലും പതിപ്പിക്കുകയും ചെയ്തു. കുടിവെള്ള പരിശോധനാ ഫലം ഇല്ലാത്തതും സംശയാസ്പദമായരീതിയിൽ കണ്ടെത്തിയതുമായ കടകളിൽ നിന്നും 53 കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചു. 29 സാമ്പിളുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി.
കുടിവെള്ള സാമ്പിൾ പരിശോധനാഫലം തൃപ്തികരമല്ലാത്തതും, ശാസ്ത്രീയമായ മാലിന്യ സംസ്കരണം ഇല്ലാത്ത കടകൾക്കും പരിഹാര നിർദ്ദേശങ്ങൾ കൊടുക്കുകയും കോർപ്പറേഷൻ ഹെൽത്ത് വിഭാഗം പരിശോധന തുടരുമെന്ന് അറിയിപ്പും നൽകിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഷവർമ്മ, കുഴിമന്തി കടകൾ എന്നിവയ്ക്കുള്ള നിർദ്ദേശങ്ങൾ, പാലുല്പന്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , പരിഹാര നിർദ്ദേശങ്ങൾ എന്നിവ ഫുഡ് സേഫ്റ്റി വിഭാഗം നൽകി. ഓണം സ്പഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ജില്ലയിൽ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധനയും നടന്നുവരികയാണ്.