മൂവാറ്റുപുഴയിൽ ത്രിവേണിയോണം 2026 ന് തുടക്കം വി.ഡി. സതീശൻ നാളെ ഉദ്ഘാടനം ചെയ്യും, ആകാശപ്പൂമഴയും വള്ളംകളിയും പ്രധാന ആകർഷണം
നഗരത്തിന് വേറിട്ട ഓണാനുഭവം സമ്മാനിച്ചുകൊണ്ട് മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിക്കുന്ന ത്രിവേണിയോണം 2026 ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ഓഗസ്റ്റ് 22 മുതൽ 27 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ പരമ്പരാഗത തനിമയും പുതുതലമുറയുടെ ആഘോഷശൈലിയും കോർത്തിണക്കിയുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
ഓണാഘോഷത്തിന് ആവേശത്തുടക്കം; മൂവാറ്റുപുഴയിൽ 'ത്രിവേണിയോണം 2026' ആരംഭിച്ചു
മൂവാറ്റുപുഴ: നഗരത്തിന് വേറിട്ട ഓണാനുഭവം സമ്മാനിച്ചുകൊണ്ട് മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിക്കുന്ന 'ത്രിവേണിയോണം 2026' ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ഓഗസ്റ്റ് 22 മുതൽ 27 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ പരമ്പരാഗത തനിമയും പുതുതലമുറയുടെ ആഘോഷശൈലിയും കോർത്തിണക്കിയുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
ഔദ്യോഗിക ഉദ്ഘാടനം നാളെ
ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 23, ഞായർ) രാവിലെ 9.30ന് മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, സിനിമാതാരം ഭാമ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
മത്സരങ്ങളും കലാസന്ധ്യയും
ആഘോഷങ്ങളുടെ ആദ്യദിനമായ ഇന്ന് (ഓഗസ്റ്റ് 22) നഗരസഭാ ടൗൺഹാളിൽ വിപുലമായ മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ വർണ്ണവിസ്മയം പൂക്കളമത്സരത്തോടെ ആരംഭിച്ച പരിപാടികളിൽ ഓണം ഫാൻസി റൈഡ് (ടുവീലർ പ്രച്ഛന്നവേഷ മത്സരം), തിരുവാതിരകളി, വാശിമേറിയ വടംവലി മത്സരം എന്നിവ അരങ്ങേറും. വൈകിട്ട് 7 മണിക്ക് താളപ്പെരുമ, ഫ്യൂഷൻ ചെണ്ടമേളം, പുലിയാട്ടം എന്നിവ ആഘോഷങ്ങൾക്ക് വിളംബരമേകും.
യുവാക്കൾക്കായി Gen Z Onam DJ & കസവ് ഫാഷൻ ഷോ
നാളെ (ഓഗസ്റ്റ് 23) വൈകിട്ട് 5 മണി മുതൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് യുവാക്കൾക്കായി പ്രത്യേകമായി ഒരുക്കുന്ന 'Gen Z Onam DJ', കസവ് ഫാഷൻ ഷോ എന്നിവ നടക്കും.
ത്രിവേണി ജലോത്സവവും ആകാശപ്പൂമഴയും
ആഘോഷങ്ങളുടെ സമാപന ദിവസമായ ഓഗസ്റ്റ് 27ന് ഉച്ചയ്ക്ക് 2 മണി മുതൽ മൂവാറ്റുപുഴയാറ്റിൽ ആവേശകരമായ 'ത്രിവേണി ജലോത്സവം' (വള്ളംകളി) നടക്കും. സിനിമാ താരങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന ജലോത്സവത്തോടനുബന്ധിച്ച് ഹെലികോപ്റ്ററിൽ നിന്നുള്ള ആകാശ പുഷ്പവൃഷ്ടിയും ത്രിവേണിയിൽ ആകാശപ്പൂമഴയും ഒരുക്കിയിട്ടുണ്ടെന്ന് സ്വാഗതസംഘം ഭാരവാഹികളായ നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, ജനറൽ കൺവീനർ പി.പി. എൽദോസ് എന്നിവർ അറിയിച്ചു.

