ഉന്നത വിദ്യാഭ്യാസത്തെ ആഗോള തൊഴിൽമാറ്റങ്ങളുമായി ബന്ധിപ്പിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
രാമപുരം ജെംസ് കോളേജിലെ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളെക്കുറിച്ചും ഗ്ലോബൽ ജോബ് വാച്ച് ടവർ പദ്ധതിയെക്കുറിച്ചും സംസാരിക്കുന്നു.
ഉന്നത വിദ്യാഭ്യാസത്തെ ആഗോള തൊഴിൽമാറ്റങ്ങളുമായി ബന്ധിപ്പിക്കും ജെംസ് കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി വി.ഡി. സതീശൻ
മലപ്പുറം:ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ കാലത്തിന്റെ തൊഴിൽ സാധ്യതകൾക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും അനുസൃതമായി പരിവർത്തനം ചെയ്യുന്നതിനുള്ള നടപടികൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് ഓട്ടോണമസ് കോളേജിൽ പുതുതായി നിർമിച്ച അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഓട്ടോണമസ് പദവിയുമുള്ള ജെംസ് കോളേജിന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുൻനിര സ്ഥാപനമായി മാറാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലകളെ നിരന്തരം നിരീക്ഷിക്കുന്നതിനായി 12 മുതൽ 15 വരെ പ്രധാന മേഖലകൾ കേന്ദ്രീകരിച്ച് വിദഗ്ധരെ ഉൾപ്പെടുത്തി 'ഗ്ലോബൽ ജോബ് വാച്ച് ടവർ' സംവിധാനം രൂപീകരിക്കും. ഇതിലൂടെ ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർവകലാശാലകളിലെ പാഠ്യപദ്ധതികൾ കാലാനുസൃതമായി പുനഃസംഘടിപ്പിക്കുകയും തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ്, ജനറ്റിക് എൻജിനീയറിങ് തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബറോടെ യൂണിവേഴ്സിറ്റി ബിൽ നടപ്പിലാക്കി വിദേശത്തെ പ്രശസ്തമായ ലെഗസി സർവകലാശാലകളുടെ ക്യാമ്പസുകളും നൂതന കോഴ്സുകളും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ കാരണങ്ങളാൽ പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന വനിതകൾക്ക് വീണ്ടും ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നതിനായി ജെംസ് കോളേജിൽ നടപ്പാക്കുന്ന 'ഞങ്ങളും കോളേജിലേക്ക്' പദ്ധതിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പദ്ധതി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഇതിലൂടെ കുറഞ്ഞത് 25,000 വനിതകൾക്ക് ബിരുദ-ബിരുദാനന്തര പഠനം പൂർത്തിയാക്കാൻ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഠനം പരീക്ഷയ്ക്കും മാർക്കിനും വേണ്ടി മാത്രമുള്ള ഒന്നായി ചുരുങ്ങരുതെന്ന് മുഖ്യമന്ത്രി വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. അറിവിനോടും പഠിക്കുന്ന വിഷയത്തോടുമുള്ള താൽപര്യവും നിരന്തരമായ അന്വേഷണ മനോഭാവവും വളർത്തിയെടുക്കുമ്പോഴാണ് വിദ്യാഭ്യാസം അർഥപൂർണമാകുന്നതെന്നും പുതിയ അറിവുകൾ തേടാനും മാറുന്ന ലോകത്തിനനുസരിച്ച് സ്വയം നവീകരിക്കാനും വിദ്യാർത്ഥികൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
2008 ൽ സഹകരണ മേഖലയിൽ ആരംഭിച്ച നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ 'എ' ഗ്രേഡും ഓട്ടോണമസ് പദവിയുമുള്ള രാജ്യത്തെ ആദ്യ കോളെജാണ് ജെംസ്. കോളെജ് ക്യാംപസിൽ 23000 സ്ക്വയർ ഫീറ്റിലാണ് പുതിയ അക്കാദമിക് കെട്ടിടം നിർമിച്ചിട്ടുള്ളത്. ജെംസ് സഹകരണ സംഘം ചെയർമാനും എം.എൽ.എ.യുമായ മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി. എം എൽ. എ. മാരായ കെ. പി. നൗഷാദലി, വി.എസ്. ജോയ്, കലിക്കറ്റ് യൂണിവേഴ്സിറ്റി പി.വി.സി. ഡോ.പി. റഷീദ് അഹമ്മദ്, കലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ടി.ജെ. മാർട്ടിൻ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ റെനി എബ്രഹാം, അസി. രജിസ്ട്രാർ സിദ്ധിഖ് അക്ബർ, ജില്ലാ പഞ്ചായത്തംഗം സി.സുകുമാരൻ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ, പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.മുഹമ്മദ് അബൂബക്കർ, വാർഡ് മെമ്പർ സി.കെ.ഫായിദ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു. ജെംസ് വൈസ് ചെയർമാൻ എം.വാസുദേവൻ സ്വാഗതവും ജെംസ് പ്രിൻസിപ്പൽ ഡോ. നവീൻ മോഹൻ നന്ദിയും പറഞ്ഞു.

