കോംബോ ഓഫർ പരസ്യം കണ്ട് ഷവർമയും ഷവായയും വാങ്ങി കഴിച്ചു 21 പേർ ആശുപത്രിയിൽ
തിരുവനന്തപുരം കടയ്ക്കാവൂരിൽ സൂപ്പർമാർക്കറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് കോംബോ ഓഫർ വഴി ഷവർമയും ഷവായയും കഴിച്ച കുട്ടികളടക്കം 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ലൈസൻസില്ലാതെ പ്രവർത്തിച്ച കട ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു.
കടയ്ക്കാവൂരിൽ ഭക്ഷ്യവിഷബാധ: ഷവർമയും ഷവായയും കഴിച്ച 21 പേർ ആശുപത്രിയിൽ; അനുമതിയില്ലാതെ പ്രവർത്തിച്ച കട പൂട്ടി
ചിറയിൻകീഴ്: കടയ്ക്കാവൂരിൽ ഹോട്ടലിൽ നിന്ന് വാങ്ങിയ ഷവർമയും ഷവായയും കഴിച്ച ഒട്ടേറെപ്പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളും സ്ത്രീകളും അടക്കം ഇരുപത്തിയൊന്നോളം പേർ കടുത്ത ഛർദ്ദിയും വയറിളക്കവും ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തെത്തുടർന്ന്, മതിയായ അനുമതികളില്ലാതെ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടപ്പിച്ചു.
കടയ്ക്കാവൂർ തെക്കുംഭാഗം എസ്.ആർ.വി എൽ.പി സ്കൂളിന് സമീപം സൂപ്പർ മാർക്കറ്റിനോട് ചേർന്ന് പുതുതായി ആരംഭിച്ച 'സിഗ്നേച്ചർ ഡിഷസ്' എന്ന കടയിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. തിങ്കളാഴ്ച രാത്രി ഇവിടെനിന്ന് കോംബോ ഓഫർ വഴി വിതരണം ചെയ്ത ഷവർമയും ഷവായയും കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. കുറഞ്ഞ വിലയിൽ കോംബോ ഓഫറുകൾ ലഭ്യമാണെന്ന പരസ്യം കണ്ടാണ് ഭൂരിഭാഗം ആളുകളും ഇവിടെനിന്ന് ഭക്ഷണം വാങ്ങിയത്.
ഭക്ഷണത്തിന് പിന്നാലെ കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
കടയ്ക്കാവൂർ സ്വദേശികളായ സ്നേഹ, സംഗീത്, ഗിരീഷ്, ദീപ, ശുഭ, ആയാന്റെവിള സ്വദേശികളായ ബിജു, മണി, രത്നമ്മ, പ്രിയറാണി, ദക്ഷിണ, അഞ്ചുതെങ്ങ് വാടയിൽ സ്വദേശികളായ ഉദയകുമാർ, ഗിരീഷൻ, നിരൂപമ, ഗ്രീഷ്മ, ഗൗരിനന്ദ, ഗൗതംകൃഷ്ണ, കടയ്ക്കാവൂർ ഈട്ടുപറമ്പ് സ്വദേശികളായ ലാലി, ഷിബിൻ, മിന്നു, സെയിൽ, ഇഅമി എന്നിവരാണ് ചികിത്സയിലുള്ളത്.
സംഭവത്തിന് പിന്നാലെ രോഗബാധിതരുടെ ബന്ധുക്കൾ കടയ്ക്കാവൂർ പൊലീസിലും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനം തദ്ദേശ സ്ഥാപനങ്ങളുടെയോ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയോ യാതൊരുവിധ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കട അടിയന്തരമായി പൂട്ടി സീൽ ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.