ഓർമ്മകളുടെ തണലിൽ വീണ്ടുമൊരു ഒത്തുചേരൽ
ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച LEGECI 2026 അലുമ്‌നി സംഗമം പൈനാവിൽ നടന്നു. പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ചടങ്ങിൽ പുരസ്കാര വിതരണവും സാംസ്കാരിക പരിപാടികളും അരങ്ങേറി.
ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജിൽ സിൽവർ ജൂബിലി അലുമ്‌നി സംഗമം 'LEGECI 2026' സംഘടിപ്പിച്ചു
പൈനാവ്: ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'LEGECI 2026' അലുമ്‌നി സംഗമം വിപുലമായ പരിപാടികളോടെ പൈനാവിൽ നടന്നു. കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. ജലജ എം. ജെ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ജൂബിലി സന്ദേശം നൽകുകയും ചെയ്തു. പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും വിവിധ മേഖലകളിലെ പ്രമുഖരും സംഗമത്തിൽ പങ്കെടുത്തു.
പ്രൊഫ. പ്രിൻസ് വി. ജോസ്, ബോണിയ അച്ചാമ്മ മാണി എന്നിവരുടെ അവതരണത്തോടെ ആരംഭിച്ച ചടങ്ങിൽ ദേവപ്രിയ ആർ പ്രാർത്ഥനാഗീതം ആലപിച്ചു. അലുമ്‌നി & ഇന്റർനാഷണൽ അഫയേഴ്‌സ് ഡീൻ ഡോ. മഞ്ജു മാനുവൽ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആദ്യ അഡ്മിഷൻ ബാച്ചുകളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ആദരിക്കുന്ന 'ഗുരുവന്ദനം' ചടങ്ങായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. തുടർന്ന് സിൽവർ ജൂബിലി ഇന്നവേഷൻ അവാർഡുകളും അക്കാദമിക് ടോപ്പേഴ്സ് അവാർഡുകളും വിതരണം ചെയ്തു. അലുമ്‌നി പ്രതിനിധി വിജീഷ് എൻ. വി, വിവിധ വകുപ്പ് മേധാവികൾ, ഡീൻമാർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. കാസെറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളും സംഗീതാവിഷ്‌കാരവും അരങ്ങേറി.
അലുമ്‌നി സ്‌പോൺസർ ചെയ്ത ടോപ്പേഴ്സ് അവാർഡുകളും വോളണ്ടിയർ സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. അലുമ്‌നി അസോസിയേഷൻ പാനൽ രൂപീകരണവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇതിന്റെ ഭാഗമായി നടന്നു. മുൻ വിദ്യാർത്ഥികൾ തങ്ങളുടെ ക്യാമ്പസ് അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ച ഓപ്പൺ ഫോറം ശ്രദ്ധേയമായി.
അലുമ്നി അസോസിയേഷൻ സെക്രട്ടറി പ്രൊഫ. റജിൻ ആർ നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന ഗാനമേളയോടെ സംഗമം സമാപിച്ചു.