കേരളത്തിൽ കനത്ത മഴ ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ. മൂന്നുപേർ മരിച്ചു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാപക നാശനഷ്ടം.
കേരളത്തിൽ കനത്ത മഴ; ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ; മൂന്നു മരണം, എട്ട് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ ഉരുൾപൊട്ടലുകളിൽ മൂന്നുപേർ മരിച്ചു. ദുരന്തസാധ്യത മുൻനിർത്തി പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡ് മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ജീവൻ നഷ്ടപ്പെട്ടു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് മണക്കാട്ട് ജോസഫിൻ ജോണി (24) ആണ് മരിച്ചത്. ജോസഫിന്റെ മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
ഇടുക്കി ഉപ്പുതറയിൽ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണെങ്കിലും, പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ കുടുങ്ങിക്കിടപ്പുണ്ട്. ഈരാറ്റുപേട്ട – വാഗമൺ റോഡിലേക്കും കെ.കെ. റോഡിലേക്കും മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.
കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിലും കനത്ത മഴ തുടരുകയാണ്. മൂന്നിലവിൽ ഉരുൾപൊട്ടുകയും കെഎസ്ആർടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിന്റെ വീട് പൂർണ്ണമായി ഒലിച്ചുപോവുകയും ചെയ്തു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിലും നേരിയ ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിലും ഉരുൾപൊട്ടലുണ്ടായി. കൂട്ടിക്കൽ ടൗൺ, മുണ്ടക്കയം കോസ്‌വെ, ഈരാറ്റുപേട്ട ടൗൺ എന്നിവ വെള്ളത്തിനടിയിലായി. ജില്ലയിൽ ആറു കേന്ദ്രങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
തൊടുപുഴ, പാലാ, ഈരാറ്റുപേട്ട, മണിമല എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലും ടൗണുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മണിമല ആറ്റിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പുനലൂർ - മൂവാറ്റുപുഴ റോഡിലും നിരവധി വീടുകളിലും വെള്ളം കയറി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
