ഭരണകൂടം തല്ലിക്കെടുത്തിയ കൗമാരം അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ഒഴിയാതെ
1976 ൽ അടിയന്തരാവസ്ഥക്കാലത്ത് കൊടുവായൂർ ഹൈസ്കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ഒഴിയാതെ സെപ്റ്റംബർ 4 ന് തിയേറ്ററുകളിലെത്തുന്നു.
അടിയന്തരാവസ്ഥയിലെ ക്രൂരത: 15 വയസ്സുകാരെ ജയിലിലടച്ച കൊടുവായൂരിലെ കഥ 'ഒഴിയാതെ' സിനിമയാകുന്നു; സെപ്റ്റംബർ 4-ന് തിയേറ്ററുകളിൽ
തിരുവനന്തപുരം: അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഭരണകൂട ഭീകരതയ്ക്കും പോലീസ് ക്രൂരതയ്ക്കും ഇരയായ 19 സ്കൂൾ കുട്ടികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന 'ഒഴിയാതെ' എന്ന ചലച്ചിത്രം സെപ്റ്റംബർ 4-ന് തിയേറ്ററുകളിലെത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ഫാറൂഖ് അബ്ദുൾ റഹീം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മേതിൽ കോമളൻകുട്ടിയാണ്.
1976 ഓഗസ്റ്റിൽ പാലക്കാട് കൊടുവായൂർ ഹൈസ്കൂളിലെ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിച്ചിരുന്ന 15 വയസ്സിൽ താഴെയുള്ള 19 വിദ്യാർത്ഥികളെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് ജയിലിലടച്ചത്. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തതിന്റെ പേരിൽ, സ്കൂളിൽ കയറി വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസ്, ഇടിവണ്ടിയിൽ കയറ്റി പുതുനഗരം പോലീസ് സ്റ്റേഷനിലേക്കും പിന്നീട് പാലക്കാട് ജില്ലാ ജയിലിലേക്കും മാറ്റുകയായിരുന്നു.
കുട്ടികളാണെന്ന പരിഗണനപോലുമില്ലാതെ, ആദ്യദിവസം കുടിവെള്ളം പോലും നൽകാതെയാണ് പോലീസ് ഇവരെ മർദിച്ചതെന്ന് പീഡനത്തിനിരയായ നാരായണൻ വാഴക്കോട് ഓർക്കുന്നു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീടുകൾ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തുണ്ടായ പ്രതിഷേധത്തിന്റെ കലിപ്പാണ് സ്കൂൾ കുട്ടികൾക്ക് നേരെ തിരിഞ്ഞത്. 21 ദിവസത്തോളം കാരാഗൃഹത്തിൽ കഴിഞ്ഞ ഈ കുട്ടികളെ ഒടുവിൽ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് മോചിപ്പിച്ചത്.
ദരിദ്ര കർഷകത്തൊഴിലാളികളായ മാതാപിതാക്കളുടെയും ഒരു നാടിന്റെയും ആശങ്കയും വിഹ്വലതകളും പ്രമേയമാക്കുന്ന ഈ ചിത്രം, അടിയന്തരാവസ്ഥയിലെ നിയമവിരുദ്ധ ഭരണകൂട ഭീകരതയുടെ സത്യസന്ധമായ പുനരാവിഷ്കാരമാണ്. അന്ന് ജയിൽവാസമനുഭവിച്ച 15 പേരും നാട്ടുകാരും ചേർന്നാണ് ഈ സിനിമയുടെ നിർമ്മാണത്തിൽ പങ്കാളികളായിരിക്കുന്നത്.