ബസ് സ്റ്റാൻഡിൽനിന്ന് ബസ് മോഷ്ടിച്ച് ഓടിച്ചു ഒടുവിൽ വഴിയിൽ ഉപേക്ഷിച്ച് കടന്ന പ്രതി വലയിൽ

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽനിന്ന് സെനോ എന്ന സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതി അഭിനവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.

ബസ് സ്റ്റാൻഡിൽനിന്ന് ബസ് മോഷ്ടിച്ച് ഓടിച്ചു ഒടുവിൽ വഴിയിൽ ഉപേക്ഷിച്ച് കടന്ന പ്രതി വലയിൽ
കൊയിലാണ്ടി ബസ് സ്റ്റാൻഡിൽനിന്ന് 'സെനോ' എന്ന സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതി അഭിനവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊയിലാണ്ടിയിൽ ബസ് സ്റ്റാൻഡിൽനിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസ്: പ്രധാന പ്രതി പിടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് കടത്തിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തലായനി പുത്തലത്ത്കുന്ന് സ്വദേശി അഭിനവിനെയാണ് (21) കൊയിലാണ്ടി എസ്‌ഐ എ. കിരണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

​ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കോഴിക്കോട് – കൊയിലാണ്ടി റൂട്ടിലോടുന്ന, കുറുവങ്ങാട് സ്വദേശി സലാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ള 'സെനോ' എന്ന ബസാണ് മൂന്നംഗ സംഘം മോഷ്ടിച്ചത്. തിങ്കളാഴ്ച രാത്രി സർവീസ് അവസാനിപ്പിച്ച് പേരാമ്പ്ര ഭാഗത്തേക്കുള്ള ട്രാക്കിൽ നിർത്തിയിട്ടിരുന്ന ബസ്, പ്രതികൾ സ്റ്റാർട്ട് ചെയ്ത് ആദ്യം കോഴിക്കോട് ഭാഗത്തേക്കും പിന്നീട് കൊയിലാണ്ടി ഭാഗത്തേക്കും ഓടിച്ചു പോകുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.

​യാത്രാമധ്യേ പൊയിൽക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിലുള്ള ബൈപ്പാസിൽനിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ ചെളിയിൽ താഴുകയുമായിരുന്നു. സമീപത്തെ വീടിന്റെ മതിലിലേക്ക് ചരിഞ്ഞ ബസ് മുന്നോട്ടെടുക്കാൻ സാധിക്കാതെ വന്നതോടെ പ്രതികൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

​ചൊവ്വാഴ്ച രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബസ് ഉടമയും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ബസിനുള്ളിൽ സൂക്ഷിച്ചിരുന്ന കലക്‌ഷൻ തുകയും നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ചെളിയിൽ താഴ്ന്ന ബസ് ഉയർത്തി മാറ്റിയത്. ഒളിവിലുള്ള ബാക്കി രണ്ട് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.