ലഹരിയോട് നോ , കായികരംഗത്തോട് യെസ് ലഹരി വിരുദ്ധ ജേഴ്സി ഒളിമ്പ്യൻ കെ. എം. ബിനുവിന് നൽകി പ്രകാശനം ചെയ്തു
കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പുറത്തിറക്കിയ ഔദ്യോഗിക ജേഴ്സി ഒളിമ്പ്യൻ കെ. എം. ബിനുവിന് നൽകി പ്രിൻസിപ്പൽ കമ്മീഷണർ ഡോ. ടി. ടിജു പ്രകാശനം ചെയ്തു.
കൊച്ചി കസ്റ്റംസിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണം: ഔദ്യോഗിക ജേഴ്സി ഒളിമ്പ്യൻ കെ. എം. ബിനുവിന് നൽകി പ്രകാശനം ചെയ്തു
കൊച്ചി: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ 'നശാ മുക്ത് ഭാരത് അഭിയാൻ' ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റ് തയ്യാറാക്കിയ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ ഡോ. ടി. ടിജു, ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ കെ. എം. ബിനുവിന് ജേഴ്സി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. സെൻട്രൽ ജിഎസ്ടി കൊച്ചിയിലെ സ്പോർട്സ് ഓഫീസറും അത്ലറ്റ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ് കെ. എം. ബിനു.
സെൻട്രൽ ജിഎസ്ടി (CGST) പ്രിൻസിപ്പൽ കമ്മീഷണർ ഹർഭിന്ദർ കൗർ പ്രസാദ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഓണാഘോഷത്തിന്റെ പരമ്പരാഗത നിറവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
ലഹരിക്കെതിരെ സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനൊപ്പം, ആരോഗ്യകരമായ ജീവിതശൈലിയുടെയും കായികമേഖലയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ ഡോ. ടി. ടിജു പറഞ്ഞു.
"ലഹരി വിരുദ്ധ ബോധവൽക്കരണം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. കായികരംഗം യുവതലമുറയ്ക്ക് ആരോഗ്യകരമായ ജീവിതത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മികച്ച മാതൃകയാണ് നൽകുന്നത്. ഈ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഔദ്യോഗിക ജേഴ്സി പുറത്തിറക്കിയത്," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്പീൽസ് കമ്മീഷണർ എസ്. അനിൽകുമാർ, അഡീഷണൽ കമ്മീഷണർമാരായ റാണി സി. ആർ., സുനീന കൃഷ്ണൻ, നശാ മുക്ത് ഭാരത് അഭിയാൻ കസ്റ്റംസ് നോഡൽ ഓഫീസറും ഡെപ്യൂട്ടി കമ്മീഷണറുമായ റോയ് വർഗീസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു

