ആകാശംലോ ഒക താര
ദുൽഖർ ചിത്രം ആകാശംലോ ഒക താര നായികയായി സാത്വിക വീരവല്ലി ഗ്ലിംബ്സ് വീഡിയോ പുറത്ത്
ദുൽഖർ ചിത്രം 'ആകാശംലോ ഒക താര': നായികയായി സാത്വിക വീരവല്ലി; ഗ്ലിംബ്സ് വീഡിയോ പുറത്ത്
ഹൈദരാബാദ്: മലയാളി താരം ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം "ആകാശംലോ ഒക താര"യിലെ നായികയെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ. പുതുമുഖ താരം സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഹൃദ്യമായ ഒരു ഗ്ലിംബ്സ് വീഡിയോയും റിലീസ് ചെയ്തു. 'ആകാശത്തേക്കാൾ വലിയ സ്വപ്നം ഉള്ളിൽ പേറുന്നവൾ' എന്ന വിശേഷണത്തോടെയാണ് സാത്വികയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ പ്രമുഖ ബാനറുകൾ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ്. 'മഹാനടി', 'സീത രാമം', 'ലക്കി ഭാസ്കർ' എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ദുൽഖർ സൽമാന്റെ മറ്റൊരു കരുത്തുറ്റ വേഷമായിരിക്കും ഇത്. ദേശീയ അവാർഡ് ജേതാവ് ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
വ്യത്യസ്തമായ കഥപറച്ചിലിലൂടെ ശ്രദ്ധേയനായ പവൻ സാദിനേനി ഒരുക്കുന്ന ഈ ചിത്രം ഒരു ഫീൽ ഗുഡ് ഡ്രാമയായിരിക്കും എന്ന സൂചനയാണ് പുറത്തുവന്ന ഗ്ലിംബ്സ് വീഡിയോ നൽകുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം 2026 സമ്മർ വെക്കേഷൻ കാലത്ത് തിയേറ്ററുകളിലെത്തും.

