കുട്ടികളുടെ ആരോഗ്യ സംശയങ്ങൾക്ക് ഇനി 104 അക്ഷരം ആരോഗ്യം പദ്ധതിക്ക് നാളെ തുടക്കം
കേരളത്തിലെ കുട്ടികളുടെ ആരോഗ്യ വിവരങ്ങൾക്കും ചികിത്സാ പദ്ധതികൾക്കുമായി 104 ഹെൽപ്പ് ലൈൻ നമ്പർ വരുന്നു. അക്ഷരം ആരോഗ്യം പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് നടക്കും
കുട്ടികളുടെ ആരോഗ്യ സംശയങ്ങൾക്ക് ഇനി 104; 'അക്ഷരം ആരോഗ്യം' പദ്ധതിക്ക് നാളെ തുടക്കം
തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യ വിവരങ്ങളും ചികിത്സാ പദ്ധതികളും വിരൽത്തുമ്പിലെത്തിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നു. ഇനി മുതൽ 104 എന്ന ടോൾ ഫ്രീ നമ്പരിലൂടെ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കും. 'അക്ഷരം ആരോഗ്യം' സ്‌കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 6-ന് രാവിലെ 11 മണിക്ക് കോട്ടൺഹിൽ ഗവ. ഹയർസെക്കന്ററി സ്കൂളിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. കുട്ടികളുടെ ആരോഗ്യത്തിന് സർക്കാർ നൽകുന്ന മുൻഗണനയുടെ ഭാഗമായാണ് ഈ പദ്ധതിയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളെ കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യം.
ലഭ്യമാകുന്ന സേവനങ്ങൾ:
സംസ്ഥാനത്ത് നിലവിലുള്ള വിവിധ ചികിത്സാ പദ്ധതികളെക്കുറിച്ച് രക്ഷിതാക്കൾക്കുള്ള സംശയങ്ങൾ ഈ നമ്പരിലൂടെ ദുരീകരിക്കാം. പ്രധാനമായും താഴെ പറയുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും:
ഹൃദ്യം: കുട്ടികളുടെ സൗജന്യ ഹൃദ്രോഗ ചികിത്സ.
ശ്രുതിതരംഗം: കേൾവി പരിമിതിയുള്ള കുട്ടികൾക്കായുള്ള പദ്ധതി.
കെയർ (KARE): അപൂർവ രോഗങ്ങൾക്കുള്ള പ്രത്യേക ചികിത്സാ പദ്ധതി.
മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ, സ്കോളിയോസിസ് സർജറി തുടങ്ങിയ സങ്കീർണ്ണ ചികിത്സകൾക്കുള്ള സഹായം.
ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ് ലൈൻ സംവിധാനമായ 'ദിശ' (DISHA) വഴിയാണ് ഈ സേവനം ഏകോപിപ്പിക്കുന്നത്.

