ഇടപ്പള്ളി കൾവർട്ടിന് സമീപത്തെ നിർമാണാവശിഷ്ടങ്ങൾ ജൂൺ ഒന്നിനകം നീക്കണം മന്ത്രി റോജി എം. ജോൺ

​കൊച്ചിയിൽ മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. ഇടപ്പള്ളിയിലെ നിർമാണാവശിഷ്ടങ്ങൾ ജൂൺ ഒന്നിനകം നീക്കാൻ ദേശീയപാത അതോറിറ്റിക്ക് മന്ത്രി നിർദ്ദേശം നൽകി.

ഇടപ്പള്ളി കൾവർട്ടിന് സമീപത്തെ നിർമാണാവശിഷ്ടങ്ങൾ ജൂൺ ഒന്നിനകം നീക്കണം മന്ത്രി റോജി എം. ജോൺ
എറണാകുളം ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ മന്ത്രി റോജി എം ജോൺ സംസാരിക്കുന്നു. ജില്ലാ കളക്ടർ ജി പ്രിയങ്ക സമീപം.
ഇടപ്പള്ളി കൾവർട്ടിന് സമീപത്തെ നിർമാണാവശിഷ്ടങ്ങൾ ജൂൺ ഒന്നിനകം നീക്കണം മന്ത്രി റോജി എം. ജോൺ

ഇടപ്പള്ളി കൾവർട്ടിന് സമീപത്തെ നിർമാണാവശിഷ്ടങ്ങൾ ജൂൺ ഒന്നിനകം നീക്കണം: മന്ത്രി റോജി എം. ജോൺ

കൊച്ചി: ദേശീയപാതയിലെ ഇടപ്പള്ളി ജംഗ്ഷൻ മുതൽ ഒബ്രോൺ മാൾ വരെയുള്ള മൂന്ന് കൾവർട്ടുകൾക്ക് സമീപമുള്ള നിർമ്മാണ അവശിഷ്ടങ്ങൾ ജൂൺ ഒന്നിന് മുൻപായി അടിയന്തരമായി നീക്കം ചെയ്യാൻ ദേശീയപാത അതോറിറ്റിക്ക് ജില്ലാ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർദ്ദേശം നൽകി. നിർമ്മാണ അവശിഷ്ടങ്ങൾ വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ജില്ലാതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

​പറവൂർ തെക്കേകനാൽ വഴിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഇവിടുത്തെ കാനകൾ ജൂൺ ഒന്നിന് മുൻപ് വൃത്തിയാക്കണം. കൊച്ചി മെട്രോ റെയിലിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിലെ ഡ്രെയിനേജുകളുടെയും ശുചീകരണ ജോലികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചിട്ടുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണം. അയ്യമ്പുഴ പഞ്ചായത്തിലെ താന്നിക്കോട് - മുണ്ടാപുരം മേഖലയിൽ അപകടകരമായ രീതിയിൽ സ്ഥിതി ചെയ്യുന്ന വലിയ പാറക്കല്ലുകൾ പൊട്ടിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിക്കുമെന്നും ഇത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

​മഴക്കാലത്തെ പകർച്ചവ്യാധി പ്രതിരോധത്തിനായി ആശാവർക്കർമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. എല്ലാ റേഷൻ കടകളിലും അടുത്ത രണ്ട് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കണം. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വടുതല, പച്ചാളം മേഖലകളിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസ് സേനയെ നിയോഗിക്കും. സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള പാചകവാതക സിലിണ്ടറുകൾ മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് യോഗം നിർദ്ദേശം നൽകി.

​ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. 'ഓപ്പറേഷൻ വാഹിനി' പദ്ധതിയുടെ ഭാഗമായി മേജർ, മൈനർ ഇറിഗേഷൻ വകുപ്പുകൾക്ക് തുക കൈമാറിയിട്ടുണ്ട്. ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിനായി 2.82 കോടിയും, വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരമായി 3.37 കോടിയും അനുവദിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

​യോഗത്തിൽ എംഎൽഎമാരായ ടി. ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ഉമാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ, ജില്ലാ പോലീസ് മേധാവിമാർ, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.