830 ജീവനക്കാരെ പിരിച്ചുവിട്ട സംഭവം കോറോ ഹെൽത്തിനെതിരെ കർശന നിലപാടുമായി സർക്കാർ ജൂലൈ 20 ന് നിർണായക യോഗം
കേരളത്തിലെ ഓഫീസുകൾ പൂട്ടി എണ്ണൂറ്റിമുപ്പതോളം ജീവനക്കാരെ കോറോ ഹെൽത്ത് കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ ലേബർ നിയമങ്ങൾ ലംഘിക്കപ്പെട്ടതായി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.
കോറോ ഹെൽത്ത് പിരിച്ചുവിടൽ: ഓഫീസ് പൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണം; കർശന നിയമനടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ
കൊച്ചി: കോറോ ഹെൽത്തിന്റെ കേരളത്തിലെ ഓഫീസുകൾ പൂട്ടാനുള്ള തീരുമാനം കമ്പനി പുനഃപരിശോധിക്കണമെന്നും, നിലവിലുള്ള ജീവനക്കാരെ നിലനിർത്തി ഇപ്പോഴുള്ള സ്ഥിതി തുടരണമെന്നും തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. കമ്പനിയുടെ കേരളത്തിലെ ഓഫീസുകൾ പൂട്ടി എണ്ണൂറ്റിമുപ്പതോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ചർച്ച ചെയ്യാൻ എറണാകുളം കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് നിലവിലുള്ള ലേബർ നിയമപ്രകാരം വൻതോതിലുള്ള പിരിച്ചുവിടലുകൾ നടത്തുമ്പോൾ 60 ദിവസം മുൻപ് ജീവനക്കാർക്ക് നോട്ടീസ് നൽകേണ്ടതുണ്ട്. കൂടാതെ 'അവസാനം വന്നവർ ആദ്യം പുറത്തേക്ക്' എന്ന സീനിയോറിറ്റി മാനദണ്ഡവും പാലിക്കണം. എന്നാൽ കോറോ ഹെൽത്തിന്റെ കാര്യത്തിൽ ഈ ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പരമാവധി ജീവനക്കാരെ കേരളത്തിലെ ഓഫീസുകളിൽ തന്നെ നിലനിർത്താനും, ബാക്കിയുള്ളവരെ രാജ്യത്തെ മറ്റ് ഓഫിസുകളിലേക്ക് മാറ്റാനും കമ്പനി തയ്യാറാകണം. കമ്പനിയുടെ പുതിയ പ്രോജക്ടുകൾ സംസ്ഥാനത്തിലേക്ക് കൊണ്ടുവരണമെന്നും, കേരളത്തിൽ പ്രവർത്തനം തുടരാൻ ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കിൽ കർശനമായ നിയമനടപടികളിലേക്ക് നീങ്ങാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ജൂലൈ 20-ന് കമ്പനി അധികൃതരുമായി വീണ്ടും യോഗം ചേരും. ഈ യോഗത്തിൽ കമ്പനി പ്രതിനിധികൾ ഓൺലൈനായല്ല, നേരിട്ട് തന്നെ പങ്കെക്കണമെന്നും മന്ത്രി കർശന നിർദ്ദേശം നൽകി.
കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ, കോറോ ഹെൽത്ത് ജീവനക്കാരുടെ പ്രതിനിധികൾ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ നേരിട്ടും, കോറോ ഹെൽത്ത് മാനേജ്മെൻ്റ് പ്രതിനിധികൾ ഓൺലൈനായും പങ്കെടുത്തു.