സനീഷ് മേലേപ്പാട്ടും പാർത്ഥിപ് കൃഷ്ണനും നായകന്മാരാകുന്ന ഇനിയും പുതിയ ഗാനം പുറത്തിറങ്ങി.
സനീഷ് മേലേപ്പാട്ട്, പാർത്ഥിപ് കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീർ സി.ബി ഒരുക്കുന്ന ഇനിയും എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഫെബ്രുവരി അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തും
പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ടും പാർത്ഥിപ് കൃഷ്ണനും ഒന്നിക്കുന്ന 'ഇനിയും'; ഹൃദ്യമായ തമിഴ് ഗാനം പുറത്തിറങ്ങി
കൊച്ചി: പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി സുധീർ സി.ബി സംവിധാനം ചെയ്യുന്ന ഫാമിലി എൻ്റർടൈനർ ‘ഇനിയും’ (Iniyum) റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിലെ ‘കൺകൾ രണ്ടും...’ എന്ന് തുടങ്ങുന്ന മനോഹരമായ തമിഴ് ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. സംഗീത സംവിധായകൻ ഗോകുൽ പണിക്കർ രചനയും സംഗീതവും നിർവ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ ശ്രീനിവാസാണ്.
യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി.ബി തന്നെ നിർമ്മാണവും തിരക്കഥയും നിർവ്വഹിക്കുന്ന ചിത്രം ഫെബ്രുവരി അവസാന വാരം തീയേറ്ററുകളിൽ എത്തും. സനീഷ് മേലേപ്പാട്ട്, പാർത്ഥിപ് കൃഷ്ണൻ എന്നീ പുതുമുഖങ്ങൾക്കൊപ്പം അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ് ഖാൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്.
കൈലാഷ്, ദേവൻ, സ്ഫടികം ജോർജ്, വിജി തമ്പി തുടങ്ങി മലയാള സിനിമയിലെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മോഹൻ സിത്താര ഉൾപ്പെടെയുള്ളവർ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഗുഡ് ഫെല്ലാസ് റിലീസാണ് വിതരണത്തിന് എത്തിക്കുന്നത്.

