ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദനം
കൊല്ലം ശൂരനാട് കുമരൻചിറ ഉത്സവത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനെ ആർഎസ്എസ് പ്രവർത്തകർ മർദിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദനം; തലയ്ക്ക് പരിക്ക്
ശൂരനാട്: കുമരൻചിറ ക്ഷേത്ര ഉത്സവത്തിനിടെ ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിന് (23) മർദനമേറ്റു. ഇടിവള കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജ് ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 10:30-ഓടെ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു സംഭവം.
പൃഥ്വിരാജിനൊപ്പമുണ്ടായിരുന്ന ബന്ധുവായ ഭിന്നശേഷിക്കാരനെ ആർഎസ്എസ് പ്രവർത്തകർ മർദിച്ചത് ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. പത്തോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ആകാശ്, അച്ചു, നന്ദു, കിച്ചു, വിഷ്ണു എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കുമെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. നിലവിൽ പ്രതികൾ ഒളിവിലാണ്.
അതേസമയം, ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്നും വ്യക്തിപരമായ തർക്കങ്ങളാണ് സംഘർഷത്തിന് വഴിവെച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

