പെരുമ്പാവൂർ വാഴക്കുളത്ത് 51 കിലോ കഞ്ചാവ് പിടികൂടി ബംഗാൾ സ്വദേശി അറസ്റ്റിൽ.
പെരുമ്പാവൂർ വാഴക്കുളത്ത് പോലീസ് നടത്തിയ റെയ്ഡിൽ 51 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശി റുബെൽ മുല്ലയെ തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂർ വാഴക്കുളത്ത് വൻ കഞ്ചാവ് വേട്ട: 51 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
പെരുമ്പാവൂർ: വാഴക്കുളത്ത് വൻ കഞ്ചാവ് വേട്ടയുമായി തടിയിട്ട പറമ്പ് പോലീസ്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ 51 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി റുബെൽ മുല്ലയെ (25) അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
വാഴക്കുളം ടി.എം.ജെ നഗറിലെ ഒരു വാടക വീട്ടിൽ നിന്നുമാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. ചാക്കുകളിലും തറയിൽ കൂട്ടിയിട്ട നിലയിലുമായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പോലീസ് ഇവിടെ നിന്നും പിടിച്ചെടുത്തു.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാനെന്ന വ്യാജേനയാണ് പ്രതി വീട് വാടകയ്ക്ക് എടുത്തിരുന്നത്. പകൽ സമയം ആരും വീട്ടിലില്ലെന്ന് അയൽവാസികളെ ധരിപ്പിക്കുകയും രാത്രികാലങ്ങളിൽ അവിടെ എത്തി ലഹരി ഇടപാടുകൾ നടത്തുകയുമായിരുന്നു പ്രതിയുടെ രീതി. പോലീസിന് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തന്ത്രപരമായാണ് റുബെൽ മുല്ലയെ വലയിലാക്കിയത്.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, തടിയിട്ട പറമ്പ് ഇൻസ്പെക്ടർ മനോജ് കെ. എൻ., സബ് ഇൻസ്പെക്ടർമാരായ അനീഷ് കുമാർ എൻ. ജി., കെ.എ. നൗഷാദ്, സി.പി.ഒമാരായ റോബിൻ ജോയി, സി.ബി. ബെനസിർ, മുഹമ്മദ് നൗഫൽ, വിശാഖ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

