അലക്സ് പോളിൻ്റെ മകൾ അശ്വതി അലക്സ് സംവിധായികയാകുന്നു
സംഗീത സംവിധായകൻ അലക്സ് പോളിന്റെ മകൾ അശ്വതി അലക്സ് സംവിധാനം ചെയ്യുന്ന ലൗ ആന്റ് യൂ ചിത്രീകരണം പൂർത്തിയായി. പാക്കപ്പ് പാർട്ടിയിൽ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി.
അലക്സ് പോളിൻ്റെ മകൾ അശ്വതി അലക്സ് സംവിധായികയാകുന്നു; 'ലൗ ആൻ്റ് യു' ചിത്രീകരണം പൂർത്തിയായി
കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി അലക്സ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ലൗ ആൻ്റ് യു" എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. പുതുമുഖങ്ങളായ ജോൺ ജോയ്, അനന്യ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം അലക്സ് പോൾ ക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിലാണ് നിർമ്മിക്കുന്നത്.
ചിത്രീകരണത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് എറണാകുളം അസീസിയ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന പാക്കപ്പ് പാർട്ടിയിൽ വെച്ച് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഓഡിയോ ലോഞ്ച് എന്നിവ നിർവ്വഹിച്ചു. അസീസിയ കൺവെൻഷൻ സെൻ്റർ ചെയർമാൻ പി.എൻ അബ്ദുൾ അസീസ് ടൈറ്റിൽ പോസ്റ്ററും, പ്രശസ്ത പി.ആർ.ഒ എ.എസ് ദിനേശ് ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രകാശനം ചെയ്തു. നടൻ ബാലു വർഗീസാണ് ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് നിർവ്വഹിച്ചത്.
ഒരു മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നറായ ഈ ചിത്രത്തിൽ ഏഴ് ഗാനങ്ങളാണുള്ളത്. അലക്സ് പോൾ തന്നെയാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. യാത്രയും പ്രണയവും സൗഹൃദവും ഒത്തുചേരുന്ന ഒരു ഫീൽ ഗുഡ് ചിത്രമായിരിക്കും ഇതെന്ന് സംവിധായിക അശ്വതി അലക്സ് പറഞ്ഞു. മേഘാലയ, തഞ്ചാവൂർ, തെങ്കാശി, കൊച്ചി, മാള, ഗുവാഹത്തി, ഉടുപ്പി, കോട്ടയം, സുന്ദരപാണ്ഡ്യപുരം തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായാണ് ചിത്രീകരണം നടന്നത്.
ആർച്ച, അയന ആൻ്റണി, ജിജോ ജോർജ്ജ്, ശിവാഞ്ജന, സുമേഷ് ഭാസ്കർ, അഭിരാമി അശോക് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഉല്ലാസ് റെഡ്ബിയാണ് ഛായാഗ്രഹണം. പി.ആർ.ഒ: എ.എസ് ദിനേശ്, മനു ശിവൻ.