അർജുൻ ആയങ്കി കരുതൽ തടങ്കലിൽ കോതമംഗലത്തെ റിസോർട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെയും മരട് അനീഷിന്റെ കൂട്ടാളികളെയും കോതമംഗലത്ത് വെച്ച് പോലീസ് കരുതൽ തടങ്കലിലാക്കി.
അർജുൻ ആയങ്കി കരുതൽ തടങ്കലിൽ; കോതമംഗലത്തെ റിസോർട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു
കോതമംഗലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് കരുതൽ തടങ്കലിലാക്കി. പുന്നേക്കാടുള്ള സ്വകാര്യ റിസോർട്ടിൽ വെച്ച് കോതമംഗലം പോലീസാണ് അർജുനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവർ കോതമംഗലത്ത് എത്തിയതെന്നാണ് വിവരം.
അർജുൻ ആയങ്കിക്കൊപ്പം കസ്റ്റഡിയിലായവരിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിന്റെ കൂട്ടാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവർ എന്തിനാണ് കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ എത്തിയതെന്നും മറ്റ് അസ്വാഭാവിക ലക്ഷ്യങ്ങൾ ഉണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
മുമ്പ് ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുൻ ആയങ്കിയെ ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെത്തുടർന്നാണ് സംഘടന പുറത്താക്കിയത്. പാർട്ടി പ്രവർത്തനം മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലും ഇയാൾ ഏർപ്പെട്ടിരുന്നതായി ആരോപണമുണ്ട്.