യുകെ മലയാളികളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ ത്രില്ലർ കണ്ടൻ ജൂലൈ 31ന് തിയേറ്ററുകളിൽ
പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ച പുതുമുഖങ്ങളുടെ മലയാളം ത്രില്ലർ ചിത്രം കണ്ടൻ ജൂലൈ 31ന് തിയേറ്ററുകളിലേക്ക്. ജിബിൻ ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം.
യുകെ മലയാളികളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ ത്രില്ലർ; 'കണ്ടൻ' ജൂലൈ 31ന് തിയേറ്ററുകളിൽ
കൊച്ചി: മലയാള സിനിമയിൽ പുതിയ പരീക്ഷണവുമായി പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ത്രില്ലർ ചിത്രം 'കണ്ടൻ' ജൂലൈ 31ന് തിയേറ്ററുകളിൽ എത്തുന്നു. പുതുമുഖ സംവിധായകൻ ജിബിൻ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് യുകെ മലയാളികൾ ചേർന്ന് നിർമ്മിച്ച ഒരു മലയാള സിനിമ കേരളത്തിലും യുകെയിലുമായി ഒരേസമയം പ്രദർശനത്തിനെത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഫോർത്ത് വാൾ പിക്ച്ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജി പി കുര്യൻ, അജു ജോൺ, സാബു തോമസ് എന്നിവരാണ് സഹനിർമാതാക്കൾ. ബെന്നി ആശംസ ക്രിയേറ്റീവ് ഹെഡും ഫിലിപ്പ് കെ ജെ ലൈൻ പ്രൊഡ്യൂസറുമായി പ്രവർത്തിച്ചിരിക്കുന്നു. യുകെയിലെ പ്രവാസികളായ പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ രചന, എഡിറ്റിംഗ്, ലിറിക്സ് എന്നിവ നിർവഹിച്ചിരിക്കുന്നതും ജിബിൻ ആന്റണിയാണ്. ജിബിൻ ആന്റണിയും അലൻ ജേക്കബും ചേർന്നാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജെയ്സൺ ജോൺ ഈണം നൽകിയ ഗാനങ്ങൾക്ക് പ്രശസ്ത പിന്നണി ഗായകരായ സൂരജ് സന്തോഷ്, സിതാര കൃഷ്ണകുമാർ, അഞ്ചു ജോസഫ് എന്നിവരാണ് ശബ്ദം പകർന്നിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സംഗീതപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.
യുകെയിൽ ആർ.എഫ്.ടി ഫിലിംസും കേരളത്തിൽ ഹിമുക്രി - ജയഗീതം പ്രൊഡക്ഷൻസുമാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. പി.ആർ.ഒ: എം.കെ ഷെജിൻ. വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന 'കണ്ടൻ' പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാനുഭവമായിരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.