പൂജ അവധിക്കാലത്ത് ഹൗസ് ഫുൾ മൂന്നാറിലെ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കറിന് റെക്കോർഡ് വരുമാനം
പൂജ അവധി ദിനങ്ങളിൽ മൂന്നാർ സന്ദർശിക്കാനെത്തിയ സഞ്ചാരികളുടെ മനംകവർന്ന് കെ.എസ്.ആർ.ടി.സി റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ്. വെറും അഞ്ച് ദിവസത്തിനിടെ 1191 പേർ യാത്ര ചെയ്തപ്പോൾ 4 ലക്ഷത്തിലധികം രൂപയുടെ മികച്ച വരുമാനമാണ് കെ.എസ്.ആർ.ടി.സിക്കും ലഭിച്ചത്.
പൂജ അവധിക്കാലത്ത് ഹൗസ് ഫുൾ; മൂന്നാറിലെ ഡബിൾ ഡെക്കറിന് വൻ ജനപ്രീതി, 5 ദിവസം കൊണ്ട് നേടിയത് 4 ലക്ഷം രൂപ
ഇടുക്കി: പൂജ അവധി ദിനങ്ങളിൽ ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തിയപ്പോൾ മികച്ച നേട്ടമുണ്ടാക്കി കെ.എസ്.ആർ.ടി.സിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ്. ഒക്ടോബർ 17 മുതൽ 21 വരെയുള്ള അഞ്ച് ദിവസങ്ങൾക്കുള്ളിൽ 1191 പേരാണ് മൂന്നാറിലൂടെ ഡബിൾ ഡെക്കർ ബസിൽ യാത്ര ചെയ്തത്. ഈ ദിവസങ്ങളിൽ മാത്രം 4,06,000 രൂപയുടെ മികച്ച വരുമാനം നേടാനും കെ.എസ്.ആർ.ടി.സിക്ക് സാധിച്ചു.
മൂന്നാറിന്റെ മഞ്ഞുമൂടിയ മലനിരകളും പച്ചപ്പുനിറഞ്ഞ തേയിലത്തോട്ടങ്ങളും കണ്ട് യാത്ര ചെയ്യാമെന്നതാണ് റോയൽ വ്യൂ ഡബിൾ ഡെക്കർ ബസുകളെ സഞ്ചാരികളുടെ പ്രിയപ്പെട്ട ആകർഷണമാക്കി മാറ്റുന്നത്. മൂന്നാറിൽ നിന്ന് കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെ ആനയിറങ്കൽ ഡാമിന് സമീപം വരെയാണ് ബസിന്റെ യാത്രാ റൂട്ട്. പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ചിത്രങ്ങൾ പകർത്തുന്നതിനുമായി യാത്രയ്ക്കിടയിൽ അഞ്ചിടങ്ങളിൽ ബസ് നിർത്തി നൽകുന്നുണ്ട്.
നിലവിൽ രണ്ട് ഡബിൾ ഡെക്കർ ബസുകളാണ് മൂന്നാറിൽ സർവീസ് നടത്തുന്നത്. 2025 ഫെബ്രുവരി എട്ടിനാണ് കെ.എസ്.ആർ.ടി.സി മൂന്നാറിൽ ആദ്യ ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചത്. തുടർന്ന് ഈ വർഷം (2026) ജനുവരി നാലിന് രണ്ടാമത്തെ ബസും സർവീസിന് എത്തിച്ചു. ഇതോടെ കൂടുതൽ സഞ്ചാരികൾക്ക് ഡബിൾ ഡെക്കർ യാത്രാനുഭവം സ്വന്തമാക്കാൻ അവസരം ലഭിച്ചു.
രാവിലെ 9 മണി മുതൽ വൈകുന്നേരം 4.30 വരെ രണ്ട് ബസുകളിലുമായി പ്രതിദിനം ആറ് സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഓപ്പൺ ടോപ്പ് മുകൾ നിലയിൽ ഒരാൾക്ക് 400 രൂപയും താഴത്തെ നിലയിൽ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മുകൾ നിലയിൽ 38 സീറ്റുകളും താഴത്തെ നിലയിൽ 12 സീറ്റുകളുമാണുള്ളത്.
മൂന്നാറിലെ ഡബിൾ ഡെക്കറിൽ യാത്ര ചെയ്യാൻ താല്പര്യമുള്ളവർക്ക് നേരിട്ടും, കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും (https://onlineksrtcswift.com/) മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ എന്‍സിസി അഖിലേന്ത്യാ ട്രെക്കിംഗ് ക്യാമ്പിന് തുടക്കം
പൂജ അവധിക്കാലത്ത് ഹൗസ് ഫുൾ മൂന്നാറിലെ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കറിന് റെക്കോർഡ് വരുമാനം
കെ.എസ്.ആർ.ടി.സി മുങ്ങുന്ന കപ്പലല്ല, ഉദിച്ചുയരുന്ന സ്ഥാപനമാക്കും മന്ത്രി സി.പി. ജോൺ
കെ.എസ്.ആര്.ടി.സിയില്‍ പൊതുജന പങ്കാളിത്തത്തോടെ സര്‍വീസുകളും അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കും മന്ത്രി സി.പി. ജോണ്‍
സ്കൂൾ കായികമേളയ്ക്ക് ഹരിത വരവേൽപ്പ് കൗതുകമായി വല്ലം മെടയൽ മത്സരം
ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നിലപാട് മന്ത്രി കെ മുരളീധരന്