10 ലക്ഷത്തിന് വാങ്ങി 15 ലക്ഷത്തിന് വിൽപന നീറ്റ് ചോദ്യപ്പേപ്പർ മാഫിയയിലെ മാസ്റ്റർ പ്ലെയർ പിടിയിൽ

2026 നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ നിർണ്ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സോഷ്യൽ മീഡിയയിൽ പ്രചരിച്ച മാതൃകാ ചോദ്യപ്പേപ്പറിന് യഥാർത്ഥ പരീക്ഷയുമായി 100 ശതമാനം സാമ്യം. സംഭവത്തിൽ ബിഎഎംഎസ് വിദ്യാർത്ഥി ഉൾപ്പെടെ 45 പേർ പിടിയിലായി.

10 ലക്ഷത്തിന് വാങ്ങി 15 ലക്ഷത്തിന് വിൽപന നീറ്റ് ചോദ്യപ്പേപ്പർ മാഫിയയിലെ മാസ്റ്റർ പ്ലെയർ പിടിയിൽ
നാസിക്കിൽ നിന്നുള്ള ബിഎഎംഎസ് (BAMS) വിദ്യാർത്ഥി ശുഭം ഖൈർനർ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി

ന്യൂഡൽഹി: 2026-ലെ നീറ്റ് യുജി (NEET UG) പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ രാജ്യത്തെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പരീക്ഷയ്ക്ക് മുൻപായി വിദ്യാർത്ഥികൾക്കും കോച്ചിങ് സെന്ററുകൾക്കുമിടയിൽ വാട്സാപ്പ്, ടെലഗ്രാം എന്നിവ വഴി പ്രചരിച്ച മാതൃകാ ചോദ്യപ്പേപ്പറിന് യഥാർത്ഥ ചോദ്യപ്പേപ്പറുമായി 95 മുതൽ 100 ശതമാനം വരെ സാമ്യമുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

​കൈപ്പടയിൽ തയ്യാറാക്കിയ നിലയിലായിരുന്നു ഈ ചോദ്യപ്പേപ്പർ പ്രചരിച്ചിരുന്നത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാൽ യഥാർത്ഥ പ്രതിയെ കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

​ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാസിക്കിൽ നിന്നുള്ള ബിഎഎംഎസ് (BAMS) വിദ്യാർത്ഥി ശുഭം ഖൈർനർ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ടെലഗ്രാം വഴി 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ ചോദ്യപ്പേപ്പർ ഇയാൾ 15 ലക്ഷം രൂപയ്ക്ക് ഹരിയാന സ്വദേശിക്ക് മറിച്ചുവിറ്റതായാണ് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 45-ലധികം പേരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തിട്ടുണ്ട്.

​ചോർച്ചയുടെ വഴിത്തിരിവ്

​രാജസ്ഥാനിലെ സീക്കർ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചോദ്യപ്പേപ്പർ പ്രചരിച്ചത്. 120 ചോദ്യങ്ങൾ അടങ്ങിയ പേപ്പർ വാട്സാപ്പ് വഴി ഹരിയാനയിലെ ഗുരുഗ്രാമിലേക്കും അവിടെ നിന്ന് കേരളം, ഉത്തരാഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പടർന്നു. കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിനിയായ വിദ്യാർത്ഥിനി വഴി ചോദ്യങ്ങൾ സീക്കറിലെ ഒരു പ്രമുഖ കോച്ചിങ് സെന്ററിലും എത്തിയിരുന്നു. ഇവിടെ നിന്നാണ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ചുള്ള ആദ്യ സൂചനകൾ എൻടിഎയ്ക്കും പൊലീസിനും ലഭിച്ചത്.

​അന്വേഷണം പ്രസ്സിലേക്ക്

​ചോദ്യപ്പേപ്പർ അച്ചടിച്ച നാസിക്കിലെ പ്രസ്സിൽ നിന്നാണോ ചോർച്ചയുണ്ടായതെന്ന് രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) സംശയിക്കുന്നു. എന്നാൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഇത് വ്യാപിച്ചതെന്നാണ് നാസിക് പൊലീസിന്റെ നിഗമനം. നിലവിൽ സിബിഐ നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു.