തിരുവല്ല സ്വദേശി ഡോ. ബിനോയ് ജോർജ് യുറഗ്വായിലെ ഇന്ത്യൻ അംബാസഡർ
തിരുവല്ല സ്വദേശിയും 2006 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനുമായ ഡോ. ബിനോയ് ജോർജിനെ യുറഗ്വായിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാണ്.
മലയാളിത്തിളക്കം; തിരുവല്ല സ്വദേശി ഡോ. ബിനോയ് ജോർജ് യുറഗ്വായിലെ ഇന്ത്യൻ അംബാസഡർ
ന്യൂഡൽഹി: തിരുവല്ല സ്വദേശിയായ മുതിർന്ന നയതന്ത്രജ്ഞൻ ഡോ. ബിനോയ് ജോർജിനെ യുറഗ്വായിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2006 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്ത് കോൺസുലർ, പാസ്‌പോർട്ട്, വിസ ഡിവിഷനിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയാണ്.
മികച്ച പ്രവർത്തനപരിചയമുള്ള നയതന്ത്രജ്ഞനാണ് ഡോ. ബിനോയ് ജോർജ്. ഇതിനു മുൻപ് ബംഗ്ലദേശിൽ ഡപ്യൂട്ടി അംബാസഡറായും, ഇറ്റലിയിൽ കോൺസുലർ ജനറലായും അദ്ദേഹം വിജയകരമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹിയിലെ പ്രശസ്തമായ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) നിന്ന് പ്ലാന്റ് സയൻസിൽ പിഎച്ച്ഡി ബിരുദം നേടിയ ശേഷമാണ് അദ്ദേഹം സിവിൽ സർവീസിലേക്ക് പ്രവേശിക്കുന്നത്.
തിരുവല്ല മുൻ ആർഡിഒ പുളിമൂട്ടിൽ പി.ഡി. ജോർജിന്റെയും ബിഎസ്എൻഎല്ലിൽ നിന്ന് വിരമിച്ച മറിയാമ്മ ചാക്കോയുടെയും മകനാണ്. ഡോ. ദീപ ജോർജാണ് ഭാര്യ. പുതിയ ചുമതലയേൽക്കുന്നതിനായി അദ്ദേഹം ഉടൻ തന്നെ യുറഗ്വായിലേക്ക് തിരിക്കും.

