സൂര്യയുടെ പാട്ടിൽ നിറഞ്ഞാടി മമിത വിശ്വനാഥ് ആൻഡ് സൺസ് വെഡ്ഡിംഗ് സോംഗ് പുറത്ത്
സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് സിനിമയിലെ വെഡ്ഡിംഗ് സോംഗ് റിലീസ് ചെയ്തു. നായകൻ സൂര്യ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആഗോള റിലീസ് ആഗസ്റ്റ് 14 ന്.
സൂര്യയുടെ 'വിശ്വനാഥ് ആൻഡ് സൺസ്'; വെഡ്ഡിംഗ് സോംഗ് പുറത്ത്, റിലീസ് ആഗസ്റ്റ് 14 ന്
തിരുവനന്തപുരം: സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന "വിശ്വനാഥ് ആൻഡ് സൺസ്" (Viswanathan and Sons) എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. 'വെഡിംഗ് സോംഗ്' (Wedding Song) എന്ന പേരിൽ പുറത്തുവന്ന ഈ ഗാനത്തിന്റെ പ്രധാന ആകർഷണം, ഇത് ആലപിച്ചിരിക്കുന്നത് നായകനായ സൂര്യ തന്നെയാണ് എന്നതാണ്. നേരത്തെ, സൂര്യയുടെ ജന്മദിനം പ്രമാണിച്ച് ജൂലൈ 23 ന് ഗാനത്തിന്റെ പ്രമോ വീഡിയോ റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ഗാനത്തിന്റെ പൂർണ്ണമായ പതിപ്പാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്.
മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടൈൻമെന്റ്സ് ബാനറിൽ സൂര്യദേവര నాగ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. നടനും സംവിധായകനുമായ യുവതാരം കെൻ കരുണാസ് ആണ് ഈ വെഡ്ഡിംഗ് സോങ്ങിന് വരികൾ രചിച്ചിരിക്കുന്നത്. സൂര്യ, മമിത എന്നിവരുടെ തകർപ്പൻ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. അതീവ രസകരമായി, ഏറെ കളർഫുൾ ആയാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസറും ഗാനങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
നേരത്തെ പുറത്തുവന്ന ചിത്രത്തിലെ 'പട്ടാമ്പൂച്ചി' എന്ന ആദ്യ ഗാനവും സൂപ്പർ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടും ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് 85 കോടിയോളം രൂപയ്ക്കാണ് സ്വന്തമാക്കിയത്.
സൂര്യയുടെ കരിയറിലെ 46-ാമത് ചിത്രമായി എത്തുന്ന 'വിശ്വനാഥ് ആൻഡ് സൺസ്', ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലക്കി ഭാസ്കറി'ന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
പ്രധാന അണിയറ പ്രവർത്തകർ:
ഛായാഗ്രഹണം: നിമിഷ് രവി
സംഗീതം: ജി വി പ്രകാശ് കുമാർ
എഡിറ്റർ: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ