സീബ്രാലൈനിൽ വാഹനം നിർത്തിയാൽ 500 രൂപ പിഴ
സീബ്രാലൈനിൽ വാഹനം നിർത്തുന്നവർക്കും ഒന്നര മീറ്റർ അകലം പാലിക്കാത്തവർക്കും 500 രൂപ പിഴ. 14 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും
സീബ്രാലൈനിൽ വാഹനം നിർത്തിയാൽ 500 രൂപ പിഴ; ലൈനിൽ നിന്ന് ഒന്നര മീറ്റർ അകലം പാലിച്ചില്ലെങ്കിലും പണി കിട്ടും
കൊച്ചി: നഗരത്തിലെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് നടപടികൾ കർശനമാക്കുന്നു. സീബ്രാലൈനിൽ വാഹനം നിർത്തുന്നവർക്കും ലൈനിൽ നിന്ന് നിശ്ചിത അകലം പാലിക്കാത്തവർക്കും 500 രൂപ പിഴ ചുമത്തും.
സീബ്രാലൈനിലോ അതിന് ഒന്നര മീറ്റർ അടുത്തോ വാഹനം നിർത്താൻ പാടില്ലെന്നാണ് നിയമം. കാമറയിൽ നിയമലംഘനം പതിഞ്ഞാൽ ഇ–ചെലാൻ വഴി വാഹന ഉടമയുടെ മൊബൈലിലേക്ക് ഉടൻ സന്ദേശമെത്തും.
പിഴ അടയ്ക്കാൻ രണ്ടാഴ്ച സമയം
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 14 ദിവസത്തിനകം ബന്ധപ്പെട്ട മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ആർടിഒ ഓഫിസിൽ പിഴയടയ്ക്കണം. ഈ കാലാവധിക്കുള്ളിൽ പിഴ അടയ്ക്കാത്ത പക്ഷം കേസ് വിർച്വൽ കോടതിയിലേക്ക് മാറും.
വൈകിയാൽ ലൈസൻസ് റദ്ദാക്കും
45 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കോടതി രേഖകൾ തിരിച്ചെടുത്ത് പിഴ അടയ്ക്കാൻ അവസരമുണ്ട്. എന്നാൽ 90 ദിവസം പിന്നിട്ടാൽ കേസ് ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയ്ക്ക് വിടും. 45 ദിവസത്തിനകം പിഴ അടയ്ക്കാത്ത പക്ഷം കേന്ദ്ര നിയമപ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ രേഖകൾ കൈമാറുന്നതിനും തടസ്സമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

