വടകര എംഡിഎംഎ കേസ് ഒരു അധ്യാപിക കൂടി അറസ്റ്റിൽ

വടകരയിലെ എംഡിഎംഎ കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ വി.പി.നീഷ്മ അറസ്റ്റിൽ. ലഹരി വിൽപനയിൽ അധ്യാപികമാർ ഉൾപ്പെട്ട കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണിത്.

വടകര എംഡിഎംഎ കേസ് ഒരു അധ്യാപിക കൂടി അറസ്റ്റിൽ
വടകരയിലെ എംഡിഎംഎ കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ വി.പി.നീഷ്മ അറസ്റ്റിൽ.

വടകര എംഡിഎംഎ കേസ്: പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്ററായ അധ്യാപിക കൂടി അറസ്റ്റിൽ

വടകര: വടകരയിലെ എംഡിഎംഎ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്ററായ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മയെ (30) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സംഭവത്തിൽ നേരത്തെ രണ്ട് അധ്യാപികമാർ അറസ്റ്റിലായിരുന്നു.

​കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന, ചെരുവാളൂർ സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് കെ.കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് നീഷ്മയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. പ്രതികളായ കീർത്തനയെയും കാവ്യയെയും ഇതിനോടകം സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.

​ലഹരി വിൽപന വഴിയുള്ള പണം നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. അടുത്ത സുഹൃത്തുക്കളായ അധ്യാപികമാർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. വടകര ഇൻസ്പെക്ടർ എ.വി.ദിനേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല. ലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കീർത്തന ആദ്യം അറസ്റ്റിലാകുന്നത്. കീർത്തനയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തെത്തുടർന്ന് കാവ്യയും പിടിയിലായി.

​അക്കൗണ്ടുകളിൽ ലക്ഷങ്ങളുടെ ഇടപാട്

​ജൂൺ 28ന് വടകര ആവിക്കലിൽ സഫ്‌വാൻ എന്ന യുവാവ് രണ്ടു ഗ്രാം എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ചാണ് ജൂലൈ 11 ന് കീർത്തന അറസ്റ്റിലാകുന്നത്. അക്കൗണ്ടുകളിൽ ഓൺലൈൻ ഇടപാടുകളിലൂടെ 2000 രൂപ വീതം കൈപ്പറ്റിയ ശേഷം മറ്റു ചിലരിലൂടെ ലഹരിമരുന്ന് എത്തിക്കുന്ന രീതിയാണ് അധ്യാപികമാർ പിന്തുടർന്നിരുന്നത് എന്നാണ് കണ്ടെത്തൽ. അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് ഇവർ നടത്തിവന്നത്. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 5 മാസത്തിനിടെ 9 ലക്ഷം രൂപയുമാണ് എത്തിയത്.

​ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിൽ നിന്ന് പ്രതിമാസം 12,000 രൂപ മാത്രമാണ് ശമ്പളം ലഭിച്ചിരുന്നതെങ്കിലും ഈ വരുമാനത്തേക്കാൾ ആഡംബരം നിറഞ്ഞ ജീവിതരീതിയായിരുന്നു ഇവരുടേത്. മംഗളൂരുവിലെ ഒരു സുഹൃത്താണ് ഇവരെ ലഹരിമരുന്നു മാഫിയയുമായി ബന്ധപ്പെടുത്തിയതെന്നും സംശയിക്കുന്നു. കാവ്യയും കീർത്തനയും നടത്തിയ ചില ബെംഗളൂരു യാത്രകളുടെ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. പ്രതികളിലൊരാളായ കാവ്യ പുതിയ കാർ വാങ്ങിയതിന്റെ രേഖകളും പണത്തിന്റെ ഉറവിടവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. വടകര, കുറ്റ്യാടി, നാദാപുരം മേഖലയിലെ ചില യുവാക്കളും വിദ്യാർഥികളും ഇവരുടെ ഇടപാടുകാരായുണ്ട് എന്ന സംശയത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

​പിന്നിൽ വലിയ ലഹരി ശൃംഖലയെന്ന് സംശയം

​സാധാരണ ലഹരി കേസിനപ്പുറം അധ്യാപികമാരെ രംഗത്തിറക്കിയുള്ള ലഹരിമരുന്നു വിൽപനയ്ക്കു പിന്നിൽ വലിയൊരു ശൃംഖലയുണ്ടെന്ന സംശയത്തിലാണ് പൊലീസ്. നർകോട്ടിക് സെൽ ഡിവൈഎസ്‌പി ടി.ഉത്തംദാസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്പി മെറിൻ ജോസഫിന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് അന്വേഷണം വിപുലമാക്കിയത്. വടകര, എടച്ചേരി, പയ്യോളി സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരും സൈബർ സെൽ, ജില്ലാ നർകോട്ടിക് സെൽ ഉദ്യോഗസ്ഥരും അടങ്ങിയതാണ് ഈ സംഘം. പിടിയിലായ അധ്യാപികമാരുടെ ഗൂഗിൾ പേ അടക്കമുള്ള യുപിഐ ഐഡികളിലൂടെ പണം കൈമാറിയവരുടെ വിവരങ്ങളും പൊലീസ് പരിശോധിച്ചു വരുന്നുണ്ട്.