ഓപ്പറേഷൻ തൂഫാൻ അങ്കമാലിയിൽ 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
അങ്കമാലിയിൽ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ 12 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ റൂറൽ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടി.
അങ്കമാലി: റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റഫിയുൽ മണ്ഡൽ (21), പർവ്വേഷ് മണ്ഡൽ (19) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്തത്.
ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ എത്തിച്ച് പത്തിരട്ടി വിലയ്ക്കാണ് ഇവർ വില്പന നടത്തിയിരുന്നത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം ചെന്നൈയിൽ എത്തിയ ഇവർ, അവിടെനിന്ന് മറ്റൊരു തീവണ്ടിയിലാണ് അങ്കമാലിയിൽ ഇറങ്ങിയത്. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. രണ്ട് ഷോൾഡർ ബാഗുകളിലായി പ്രത്യേക പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, അങ്കമാലി ഇൻസ്പെക്ടർ എ. രമേഷ്, എസ്.ഐമാരായ അജിത്ത്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി കഴിഞ്ഞ ദിവസം പെരുമ്പാവൂർ തണ്ടേക്കാട് നിന്നും നാല് കിലോ കഞ്ചാവുമായി മറ്റൊരു മുർഷിദാബാദ് സ്വദേശിയെയും പോലീസ് പിടികൂടിയിരുന്നു. ഈ വർഷം മാത്രം റൂറൽ ജില്ലയിൽ 395 കിലോയോളം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.