​30 ദിവസം തടവിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും ചരിത്രപരമായ ഭരണഘടനാ ഭേദഗതിക്ക് ജെപിസി അംഗീകാരം നൽകിയേക്കും

​ഗുരുതര കുറ്റകൃത്യങ്ങളിൽ 30 ദിവസത്തിലധികം തടവിൽ കഴിയേണ്ടി വന്നാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ മന്ത്രിസ്ഥാനം നഷ്ടമാകുന്ന പുതിയ ഭരണഘടനാ ഭേദഗതി ബില്ലിന് ജെപിസി അംഗീകാരം നൽകിയേക്കും.

​30 ദിവസം തടവിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും ചരിത്രപരമായ ഭരണഘടനാ ഭേദഗതിക്ക് ജെപിസി അംഗീകാരം നൽകിയേക്കും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ഓഗസ്റ്റിലാണ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചത്.

ഗുരുതര കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായാൽ മന്ത്രിസ്ഥാനം തെറിക്കും; ഭരണഘടനാ ഭേദഗതി ബില്ലിന് ജെപിസി അംഗീകാരം നൽകിയേക്കും

ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ 30 ദിവസമെങ്കിലും തടവിൽ കഴിയേണ്ടി വന്നാൽ മന്ത്രിസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അംഗീകാരം നൽകിയേക്കും. ജൂലൈ 20-ന് ആരംഭിക്കാൻ സാധ്യതയുള്ള പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ബിൽ കൊണ്ടുവരുന്നതിന് മുന്നോടിയായിട്ടാണ് ജെപിസി ഇതിന് അനുമതി നൽകുന്നത്. ജൂലൈ 17-ഓടെ ജെപിസിയുടെ ഔദ്യോഗിക അംഗീകാരം ബില്ലിന് ലഭിച്ചേക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ഓഗസ്റ്റിലാണ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചത്.

​പുതിയ ഭേദഗതി അനുസരിച്ച് 5 വർഷമെങ്കിലും തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട കേന്ദ്രമന്ത്രിമാർ 30 ദിവസമെങ്കിലും പോലീസ് കസ്റ്റഡിയിൽ തുടരുകയാണെങ്കിൽ അവരെ നീക്കംചെയ്യാൻ പ്രധാനമന്ത്രി രാഷ്ട്രപതിയോട് ശുപാർശ ചെയ്യണം. പ്രധാനമന്ത്രി ശുപാർശ ചെയ്തില്ലെങ്കിൽ പോലും 31-ാം ദിവസം കേന്ദ്രമന്ത്രിയുടെ സ്ഥാനം തനിയെ നഷ്ടപ്പെടും. പ്രധാനമന്ത്രിയാണ് ഇത്തരത്തിൽ അറസ്റ്റിലാകുന്നതെങ്കിൽ അദ്ദേഹം പദവി രാജിവയ്ക്കേണ്ടി വരും. രാജിവച്ചില്ലെങ്കിൽ 31-ാം ദിവസം പ്രധാനമന്ത്രി സ്ഥാനവും സ്വയം നഷ്ടമാകും.

​സംസ്ഥാനങ്ങളിലാണ് ഇത്തരമൊരു സാഹചര്യമുണ്ടാകുന്നതെങ്കിൽ മന്ത്രിമാരെ സ്ഥാനത്തുനിന്നു നീക്കാൻ മുഖ്യമന്ത്രി ഗവർണറോട് ശുപാർശ ചെയ്യണം. കേന്ദ്രഭരണപ്രദേശങ്ങളിലെ മന്ത്രിമാരുടെ കാര്യത്തിൽ രാഷ്ട്രപതിക്കാണു ശുപാർശ നൽകേണ്ടത്.

​അതേസമയം പുതിയ നിയമം രാഷ്ട്രീയ എതിരാളികൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.