മോഹൻലാൽ മീരാ ജാസ്മിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അതിമനോഹരം തൊണ്ണൂറ് ദിവസത്തെ ഷെഡ്യൂൾ പൂർത്തിയായി
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം അതിമനോഹരം 90 ദിവസത്തെ ഷെഡ്യൂൾ തൊടുപുഴയിൽ പൂർത്തിയാക്കി. മീരാ ജാസ്മിൻ നായികയാകുന്ന ചിത്രത്തിന്റെ അടുത്ത ഘട്ടം ജൂലൈയിൽ ആരംഭിക്കും.
90 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കി തരുൺ മൂർത്തി-മോഹൻലാൽ ചിത്രം അതിമനോഹരം
തൊടുപുഴ: ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച്, പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊണ്ണൂറ് ദിവസത്തോളം പൂർത്തിയാക്കി തൊടുപുഴയിൽ പുരോഗമിക്കുന്നു. കൊച്ചിയിലും രണ്ടാഴ്ചയോളം നീണ്ടുനിന്ന പ്രധാന ചിത്രീകരണ ഭാഗങ്ങൾ ഈ സിനിമയ്ക്കായി പൂർത്തിയാക്കിയിരുന്നു.
ജൂൺ ഇരുപതോടെ നിലവിലെ ഷെഡ്യൂൾ പൂർത്തിയാക്കുന്ന ചിത്രം, പിന്നീട് ജൂലൈ പകുതിയോടെ പുനരാരംഭിക്കും. ജൂൺ അവസാന വാരത്തിൽ നടൻ മോഹൻലാൽ യൂറോപ്യൻ പര്യടനം ആരംഭിക്കുന്നതിനാലാണ് ഇപ്പോൾ താല്കാലികമായി ചിത്രീകരണം നിർത്തിവെക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ജൂലൈ പകുതിയോടെ മോഹൻലാൽ മടങ്ങിയെത്തുന്നതോടെ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിന് തുടക്കമാകും. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് സിനിമയുടെ അവസാനഘട്ട ചിത്രീകരണം നിശ്ചയിച്ചിരിക്കുന്നത്. 120 ദിവസത്തോളം പ്ലാൻ ചെയ്ത ചിത്രീകരണത്തിന്റെ മേജർ പോർഷനുകളും ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞു.
'ലൗലജൻ' എന്ന സാധാരണക്കാരനായ ഒരു പോലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രം ദൃശ്യവൽക്കരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ നായികയായി മീരാ ജാസ്മിൻ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളത്തിലെ വലിയൊരു താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.
ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങിയ പ്രമുഖ താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. 'ഇഷ്ക്', 'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
അണിയറ പ്രവർത്തകർ:
സംഗീതം: ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിംഗ്: വിവേക് ഹർഷൻ, ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: മഷർ ഹംസ, കോ-ഡയറക്ടർ: ബിനു പപ്പു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, അസ്സോസ്സിയേറ്റ് ഡയറക്ടർമാർ: അഫ്നാസ്, മൊഹിത് കൃഷ്ണൻ, സ്റ്റിൽസ്: അമൽ സി. സദർ, പ്രൊഡക്ഷൻ മാനേജർ: ജോമോൻ ജോയ് (ചാലക്കുടി), പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്.
സെൻട്രൽ പിക്ചേഴ്സ് ആണ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്