ടി എം ജേക്കബ് നിയമസഭാ സാമാജികർക്ക് മാതൃകയായ നേതാവ് മുഖ്യമന്ത്രി വി.ഡി. സതീശൻ

​ടി.എം. ജേക്കബിന്റെ 15 ാമത് അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സ്മാരക നിർമാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചതായും സ്മാരകം ഒരു പഠനകേന്ദ്രമായി ഉയർത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ടി എം ജേക്കബ് നിയമസഭാ സാമാജികർക്ക് മാതൃകയായ നേതാവ് മുഖ്യമന്ത്രി വി.ഡി. സതീശൻ
ടി എം ജേക്കബ് അനുസ്മരണ സമ്മേളനം കൊച്ചിയിൽ മുഖ്യമന്ത്രി വി ഡീ സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനുപ് ജേക്കബ് സമീപം.
ടി എം ജേക്കബ് നിയമസഭാ സാമാജികർക്ക് മാതൃകയായ നേതാവ് മുഖ്യമന്ത്രി വി.ഡി. സതീശൻ

ടി എം ജേക്കബ് നിയമസഭാ സാമാജികർക്ക് മാതൃകയായ നേതാവ്  മുഖ്യമന്ത്രി വി.ഡി. സതീശൻ

 എറണാകുളം:  കേരള രാഷ്ട്രീയത്തിലും നിയമസഭാ പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ടി എം ജേക്കബെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗം സംഘടിപ്പിച്ച ടി എം ജേക്കബ് 15-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മികച്ച നിയമസഭാ സാമാജികൻ, ഭരണതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് ടി.എം. ജേക്കബ് കാഴ്ചവെച്ചത്. വിഷയങ്ങൾ ആഴത്തിൽ പഠിച്ച് ആധികാരികമായി അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിയമസഭാ സാമാജികനെന്ന നിലയിൽ തനിക്ക് ടി എം ജേക്കബ് ഗുരുതുല്യനായിരുന്നു. 2001ൽ താൻ ആദ്യമായി എം എൽ എ ആയപ്പോൾ ടി എം ജേക്കബ് നിയമസഭയിൽ 25 തികച്ചു. അന്ന് നടന്ന പരിപാടിയിൽ ജനപ്രതിനിധി എന്ന നിലയിൽ തനിക്കും പങ്കെടുക്കാൻ സാധിച്ചുവെന്നും അദ്ദേഹം ഓർക്കുന്നു. നിയമസഭയിൽ ബില്ലുകൾ അവതരിപ്പിക്കുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും സബ്മിഷനുകൾ, ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾ, ധനാഭ്യർഥന ചർച്ചകൾ എന്നിവ കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വലിയ പാഠമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ ഇടപെടലുകളിൽ കൃത്യമായ പഠനവും തയ്യാറെടുപ്പും പുലർത്തിയിരുന്ന ടി.എം. ജേക്കബിന്റെ പ്രവർത്തനശൈലി പുതിയ തലമുറയിലെ സാമാജികർക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും നിയമസഭാ പ്രവർത്തനരീതികളും പഠിക്കുന്നത് മികച്ച നിയമസഭാ സാമാജികരാകാൻ സഹായിക്കും.  

ടി.എം. ജേക്കബിന്റെ സ്മാരക നിർമാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കും. കേവലം പ്രതിമയിൽ ഒതുങ്ങാതെ, അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും വരുംതലമുറയ്ക്ക് പഠിക്കാൻ കഴിയുന്ന രീതിയിൽ പഠനകേന്ദ്രം ഉൾപ്പെടുന്ന സ്മാരകമാണ് ഒരുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ., കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന പ്രതിനിധികൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു