അമ്പലപ്പുഴയിൽ കേന്ദ്രസേന വേണം വധഭീഷണിയുണ്ടെന്ന് കാട്ടി ജി. സുധാകരൻ ഹൈക്കോടതിയിൽ

അമ്പലപ്പുഴ മണ്ഡലത്തിൽ വധഭീഷണിയുണ്ടെന്നും സുഗമമായ വോട്ടെടുപ്പിന് കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ ഹൈക്കോടതിയിൽ ഹർജി നൽകി

അമ്പലപ്പുഴയിൽ കേന്ദ്രസേന വേണം വധഭീഷണിയുണ്ടെന്ന് കാട്ടി ജി. സുധാകരൻ ഹൈക്കോടതിയിൽ
അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണം; ഹൈക്കോടതിയെ സമീപിച്ച് ജി. സുധാകരൻ

അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് ജി.സുധാകരൻ ഹൈക്കോടതിയിൽ. മണ്ഡലത്തിലെ 195 ബൂത്തുകൾക്കും സംരക്ഷണം നൽകണമെന്നും അമ്പലപ്പുഴയിലെ യു‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ സുധാകരൻ ആവശ്യപ്പെട്ടു. തനിക്ക് വോട്ടു ചെയ്യുന്നത് തടയുമെന്ന് ഭീഷണിയുണ്ടെന്നും അതിനാൽ സുരക്ഷിതമായി വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നുമാണ് ആവശ്യം.നാലു തവണ എംഎൽഎയും രണ്ടുതവണ മന്ത്രിയുമായിരുന്നു താനെന്ന് സുധാകരൻ ഹർജിയിൽ പറയുന്നു. ഇത്തവണ യുഡിഎഫ് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ഈ തീരുമാനം വന്നതു മുതൽ തനിക്ക് നേരെ ഭീഷണി ഉയരുന്നുണ്ട്. ഡ്രൈവർക്ക് നേരെയും വധഭീഷണി ഉയർന്നു. ഭീഷണി സംബന്ധിച്ച് ഒട്ടേറെ പരാതികൾ പൊലീസിന് നൽകിയിട്ടുണ്ട്. സിപിഎം ഏരിയാ കമ്മിറ്റിയംഗം പ്രശാന്ത് എസ്.കുട്ടി, ലോക്കൽ കമ്മിറ്റിയംഗം അരുൺ ലാൽ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കെ.പൊന്നാടത്ത് എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. ഇവർ തന്റെയും കൂടെയുള്ളവരുടെയും ജീവനു നേരെ ഭീഷണി ഉയർത്തുന്നുവെന്നും പ്രചാരണം തടസപ്പെടുത്തുന്നുവെന്നും ഹർജിയിൽ പറയുന്നു.ഒൻപതിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ടു ചെയ്യാൻ വരുന്നവരെ തടയുമെന്ന് മൂന്നു പേരും വ്യക്തമാക്കിയിട്ടുണ്ട്. തന്നെപ്പോലെ 20 വർഷം എംഎൽഎയും 10 വർഷം മന്ത്രിയുമായിരുന്ന ഒരാളെ ചില രാഷ്ട്രീയ പാർട്ടികൾ ആക്രമിക്കുന്നതിന്റെ കാരണം, മുഴുവൻ ഉദ്യോഗസ്ഥരെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിയായതുകൊണ്ടാണ്. പരാതികൾ നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം ക്രമസമാധാനപ്രശ്നമുണ്ടാക്കാനും വോട്ടർമാരെ തടയാനുമുള്ള ശ്രമങ്ങളുണ്ടെന്ന് ആശങ്കയുണ്ട്. അതിനാൽ എല്ലാ ബൂത്തുകൾക്കും കേന്ദ്ര സേനയുടെ സംരക്ഷണം വേണം. എല്ലാ വോട്ടർമാർക്കും നിർഭയം വോട്ടു ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്നും ഹർജിയിൽ പറയുന്നു.