മക്കൾക്ക് കാണാം മാതാപിതാക്കളുടെ കല്യാണം ഗുരുവായൂരിൽ സ്പോട്ട് മാര്യേജ് തരംഗമാകുന്നു
ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും വിവാഹച്ചടങ്ങുകൾ നടത്തുന്ന സ്പോട്ട് മാര്യേജ് തരംഗമാകുന്നു. വഴിപാടായി ദമ്പതികൾ വീണ്ടും മാലയിട്ടു ദാമ്പത്യം പുതുക്കുന്ന ഈ പുതിയ രീതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം.
ഗുരുവായൂരിൽ 'സ്പോട്ട് മാര്യേജ്' തരംഗമാകുന്നു; കണ്ണന്റെ മുന്നിൽ വീണ്ടും വിവാഹച്ചടങ്ങുമായി ദമ്പതികൾ
ഗുരുവായൂർ: വിവാഹിതരായ ദമ്പതികൾ ഗുരുവായൂരപ്പന്റെ സന്നിധിയിൽ വീണ്ടും വിവാഹച്ചടങ്ങുകൾ നടത്തുന്ന 'സ്പോട്ട് മാര്യേജ്' ഭക്തർക്കിടയിൽ വൻ തരംഗമാകുന്നു. ഗുരുവായൂരിൽ ദർശനത്തിനെത്തുമ്പോൾ പെട്ടെന്ന് ടിക്കറ്റെടുത്ത് ചടങ്ങുകൾ പൂർത്തിയാക്കാൻ കഴിയുന്നതിനാലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇതിന് 'സ്പോട്ട് മാര്യേജ്' എന്ന പേരിട്ടത്.
അടുത്ത കാലത്ത് വിവാഹിതരായവർ, ഗുരുവായൂർ നടയിൽ കല്യാണം കഴിക്കണം എന്ന ആഗ്രഹം സാധിക്കാതെ പോയവർ, വിവാഹ വാർഷിക ജൂബിലി ആഘോഷിക്കുന്നവർ, ഗുരുതരമായ രോഗങ്ങളിൽ നിന്ന് മുക്തി നേടിയവർ എന്നിവരൊക്കെയാണ് കണ്ണന്റെ മുന്നിൽ ദാമ്പത്യം പുതുക്കാൻ വീണ്ടുമെത്തുന്നത്.
ക്ഷേത്രത്തിലെത്തുന്ന ദമ്പതികളിൽ ഈ രീതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ഗുരുവായൂരിൽ നടന്ന 2315 വിവാഹങ്ങളിൽ 624 എണ്ണവും സ്പോട്ട് മാര്യേജ് ആയിരുന്നു. ജൂൺ 19 വരെയുള്ള കണക്കുകൾ പ്രകാരം നടന്ന 541 വിവാഹങ്ങളിൽ 229 എണ്ണവും ഇത്തരത്തിലുള്ള സ്പോട്ട് വിവാഹങ്ങളാണ്.
മുൻപൊക്കെ തമിഴ്‌നാട്ടിൽ നിന്നുള്ള പ്രായമായ ദമ്പതികളായിരുന്നു ദീർഘ ദാമ്പത്യം ലഭിക്കുമെന്ന വിശ്വാസത്തോടെ ക്ഷേത്രനടയിൽ വീണ്ടും വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഇന്നത് പ്രായഭേദമന്യേ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.
ചടങ്ങുകൾ ലളിതം, കുറഞ്ഞ ചിലവ്
രണ്ടോ മൂന്നോ മണിക്കൂർ മുൻപ് ടിക്കറ്റെടുത്താൽ സ്പോട്ട് വിവാഹത്തിനുള്ള സൗകര്യം ലഭിക്കും. വധൂവരന്മാർക്കുള്ള തുളസിമാല തയ്യാറാക്കാനുള്ള സമയം മാത്രമാണ് ഇതിനായി വേണ്ടി വരുന്നത്.
ടിക്കറ്റ് നിരക്ക്: 750 രൂപ
ഫൊട്ടോഗ്രഫി ചാർജ്: 500 രൂപ (ആവശ്യമെങ്കിൽ മാത്രം)
ടിക്കറ്റുമായി കല്യാണ മണ്ഡപത്തിലെത്തിയാൽ വെറും അഞ്ച് മിനിറ്റുകൊണ്ട് ചടങ്ങുകൾ പൂർത്തിയാക്കാം. നെയ്‌വിളക്കും ആചാര്യനായി കോയ്മയും, അണിയാൻ തുളസിമാലയും കുങ്കുമ തിലകവും മംഗളവാദ്യമായി നാഗസ്വരവും മണ്ഡപത്തിൽ സജ്ജമായിരിക്കും.
മക്കൾക്ക് കാണാം മാതാപിതാക്കളുടെ കല്യാണം
അച്ഛനമ്മമാരുടെ വിവാഹം നേരിട്ട് കാണാൻ സാധിക്കാത്ത മക്കൾക്ക് ഈ ചടങ്ങ് ഒരു വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. മാതാപിതാക്കളുടെ കല്യാണം കാണാനും ഫോട്ടോ എടുക്കാനും മക്കൾക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു. താല്പര്യമുള്ളവർക്ക് സമീപത്തെ സദ്യാലയങ്ങളിൽ കല്യാണസദ്യയും ഏർപ്പാട് ചെയ്യാം.
മറ്റിടങ്ങളിൽ വച്ച് വിവാഹിതരായ നവദമ്പതികൾ, തങ്ങൾ ആദ്യം ചരടിൽ കെട്ടിയ താലി മാറ്റി ഗുരുവായൂർ മണ്ഡപത്തിൽ വച്ച് സ്വർണ്ണമാലയിലേക്ക് കോർത്ത് വീണ്ടും താലി ചാർത്തുന്ന ചടങ്ങും ഇപ്പോൾ ക്ഷേത്രനടയിൽ പതിവായിരിക്കുകയാണ്.