തൈപ്പൊങ്കൽ കേരളത്തിലെ ആറ് ജില്ലകളിൽ അവധി
തൈപ്പൊങ്കൽ കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച പ്രാദേശിക അവധി തമിഴ്നാട്ടിൽ ആഘോഷം തുടങ്ങി
തൈപ്പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച പ്രാദേശിക അവധി; തമിഴ്നാട്ടിൽ ആഘോഷം തുടങ്ങി
തിരുവനന്തപുരം: തമിഴ്നാടിന്റെ വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് ജനുവരി 15-ന് (വ്യാഴം) സംസ്ഥാന സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക.
സൂര്യദേവന് വിളവെടുപ്പിന്റെ സമൃദ്ധിക്ക് നന്ദി അർപ്പിക്കുന്ന ചടങ്ങായ തൈപ്പൊങ്കൽ നാല് ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ജനുവരി 14-ന് പഴയവ ഉപേക്ഷിച്ച് പുതുമയെ വരവേൽക്കുന്ന 'ബോഗി പൊങ്കലോടെ' ആഘോഷങ്ങൾക്ക് തുടക്കമാകും. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ 15-നാണ്. മൺകലത്തിൽ തയ്യാറാക്കുന്ന പൊങ്കൽ നിവേദ്യവും കരിമ്പ്, മഞ്ഞൾക്കുല തുടങ്ങിയവയും അന്ന് സമർപ്പിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ കാർഷിക വൃത്തിയിൽ സഹായിക്കുന്ന കന്നുകാലികളെ ആരാധിക്കുന്ന 'മാട്ടുപ്പൊങ്കലും' (ജനുവരി 16), ബന്ധുവീടുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കുന്ന 'കാണും പൊങ്കലും' (ജനുവരി 17) നടക്കും. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ജനുവരി 15 മുതൽ 18 വരെ തുടർച്ചയായ നാല് ദിവസങ്ങൾ അവധിയാണ്.
കന്യാകുമാരി അടക്കമുള്ള തമിഴ്നാട് അതിർത്തികളിൽ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാഗർകോവിൽ മാർക്കറ്റുകളിൽ കരിമ്പ്, മഞ്ഞൾക്കുല എന്നിവയുടെ വൻ വിൽപന നടക്കുന്നുണ്ട്. പുതുവിവാഹിതർക്കായി 'പൊങ്കൽപ്പടി' നൽകുന്ന ആചാരവും തമിഴ്നാട്ടിൽ സജീവമാണ്.

