തരുൺ മൂർത്തി-മോഹൻലാൽ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു
തരുൺ മൂർത്തി-മോഹൻലാൽ ചിത്രം തുടരും ടീം വീണ്ടും ഒന്നിക്കുന്നു ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു
തരുൺ മൂർത്തി-മോഹൻലാൽ ചിത്രം 'തുടരും' ടീം വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു
തൊടുപുഴ: ലാലേട്ടൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിന് തൊടുപുഴയിൽ തുടക്കമായി. 'തുടരും' എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും കൈകോർക്കുന്ന ഈ ചിത്രം ജനുവരി 23 വെള്ളിയാഴ്ച തൊടുപുഴയ്ക്കടുത്തുള്ള കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിൽ വെച്ചാണ് ആരംഭിച്ചത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ 366-ാമത്തെ സിനിമയാണ്.
ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ആഷിക്ക് ഉസ്മാന്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം സ്വിച്ച് ഓൺ കർമ്മവും, സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ മോഹൻലാലിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഒരു സാധാരണ ടൗൺഷിപ്പിലെ പോലീസ് സബ് ഇൻസ്‌പെക്ടറുടെ ജീവിതത്തിലുണ്ടാകുന്ന സംഘർഷഭരിതമായ സംഭവങ്ങളാണ് ഈ റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ ഡ്രാമ കൈകാര്യം ചെയ്യുന്നത്. പുതിയ ഗെറ്റപ്പിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. രതീഷ് രവി തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ഷാജി കുമാർ ഛായാഗ്രഹണവും ജെയ്ക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു. തൊടുപുഴ, ശബരിമല, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

