പ്രഥമദൃഷ്ട്യാ കുറ്റക്കാർ
പാർവ്വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാർ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു
പാർവ്വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ; ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു
കൂത്താട്ടുകുളം: മലയാള സിനിമയിലെ കരുത്തുറ്റ സാന്നിധ്യമായ പാർവ്വതി തിരുവോത്തിനെ കേന്ദ്രകഥാപാത്രമാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. കൂത്താട്ടുകുളത്ത് നടന്ന ചടങ്ങിൽ ജെബി മേത്തർ എം.പി, പാർവ്വതി തിരുവോത്ത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. സിദ്ധാർത്ഥ് ഭരതനും പാർവ്വതിയും ചേർന്ന് സ്വിച്ചോൺ കർമ്മവും ആദ്യ ക്ലാപ്പും നിർവ്വഹിച്ചു.
അഭിയരംഗത്ത് ഇരുപത് വർഷം പിന്നിടുന്ന പാർവ്വതി തിരുവോത്ത് ഇതാദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ആശ്രിത നിയമനത്തിലൂടെ പോലീസ് കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിക്കുന്ന ഒരു സ്ത്രീയുടെ ഔദ്യോഗിക ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണിത്. ഈ വേഷത്തിനായി കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാരീരികമായും മാനസികമായും താൻ തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നുവെന്ന് പാർവ്വതി പറഞ്ഞു.
'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മിക്കുന്നത്. വിനയ് ഫോർട്ട്, വിജയരാഘവൻ, സായ് കുമാർ, തമിഴ് നടൻ പാർത്ഥിപൻ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. പി.എസ്. സുബ്രഹ്മണ്യം, വിജേഷ് തോട്ടുങ്കൽ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോട്ടയം, കൂത്താട്ടുകുളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

